ചാവക്കാട്: എടക്കഴിയൂരിൽ അമ്മയേയും മകനേയും വട്ടിപ്പലിശക്കാരൻ വീട് കയറി ആക്രമിച്ചു. എടക്കഴിയൂർ തെക്കേമദ്രസ്സ കുന്നത്ത് ഫാത്തിമുത്തു(62),മകൻ ജബ്ബാർ(34) എന്നിവരെയാണ് ചാവക്കാട് മേഖലയിലെ വട്ടിപ്പലിശക്കാരൻ തിരുവത്ര പുതിയറ പള്ളിയത്തകായിൽ മുയാസ്(34)ആക്രമിച്ചത്.
വെള്ളിയാഴ്ച്ച രാത്രി പതിനൊന്നോടെയാണ് ആക്രമണം. ജബ്ബാറിന്റെ ഇടതുകാലിന്റെ എല്ല് തകർന്നിട്ടുണ്ട്.ഫാത്തിമുത്തു വിന് പുറത്തും കവിളത്തും മർദ്ദനമേറ്റിട്ടുമുണ്ട്. ചാവക്കാട് മുതുവട്ടരിൽ ഹോട്ടൽ ജിവനക്കാരനായ ജബ്ബാർ മുയാസിൽ നിന്നും 25000 രൂപ കടമെടുത്തിരുന്നു.ദിവസത്തോറും അടച്ചു തീർക്കാമെന്ന വ്യവസ്ഥയിലായിരുന്നു കടം വാങ്ങിയത്.അസുഖമായതിനെ തുടർന്ന് ആദ്യം ഏതാനും ആഴ്ച്ചകൾ വീഴ്ച്ച വരുത്തിയിരുന്നുവെങ്കിലും രണ്ടുമാസമായി മുതുവട്ടൂരിലെ ഹോട്ടലിലെത്തി മുയാസ് പണം പിരിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം 45000 രൂപ തനിക്ക് ഇനി തരാനുണ്ടെന്നും പറഞ്ഞെത്തിയ ഇയാൾ മുഴുവൻ പണവും ഒരുമിച്ച് തരണമെന്നും ആവശ്യപ്പെടുകായിരുന്നു.വെള്ളിയാഴ്ച്ച പണം ആവശ്യപ്പെട്ട് എത്തിയ മുയാസിനോട് താൻ കുറെ പണം നൽകിയെന്നും ഇനി ഇത്രയും വലിയ സംഖ്യ തരാനില്ലെന്നും ജബ്ബാർ അറിയിച്ചതിനെ തുടർന്ന് ക്ഷുഭിതനായ മുയാസ് നിന്നെ വീട്ടിൽ പൊറുപ്പിക്കെല്ലെന്നും വെല്ലുവിളിച്ചിരുന്നു.ഇതിന് ശേഷം രാത്രി പതിനൊന്നിന് ജബ്ബാറിന്റെ വീട്ടിലെത്തിയ മുയാസ് ആക്രമിക്കുകയായിരുന്നു.ജബ്ബാറിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ഉമ്മ ഫാത്തിമുത്തുവനെ അടിച്ചു നിലത്തിട്ടു.പരിക്കേറ്റ ഇരുവരേയും ചാവക്കാട് താലൂക്കാശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.ചാവക്കാട് പൊലിസ് കേസെടുത്തു.