കോടിക്കണക്കിനു രൂപയുടെ ബാങ്ക് ബാലൻസിന്റെ ബലത്തിൽ ഒരു ദിവസത്തെ അത്യാഡംബര ജീവിതം; അടുത്ത സൂര്യോദയത്തിൽ വീണ്ടും പഴയ ജീവിതത്തിലേക്കു മടക്കം… ദക്ഷിണാഫ്രിക്കയിലേ ഒരു കോളജ് വിദ്യാർഥിനിക്കാണ് ഒരു ദിവസത്തേക്ക് കോടീശ്വരിയാകാനുള്ള അപൂർവഭാഗ്യം ലഭിച്ചത്. വിദ്യാർഥികളുടെ പഠനത്തിനുള്ള തുക സംഭാവന ചെയ്തിരുന്ന കന്പനിക്ക് അബദ്ധം പറ്റിയതിനെത്തുടർന്നാണ് പെണ്‍കുട്ടിയുടെ അക്കൗണ്ടിൽ പണം കുമിഞ്ഞുകൂടിയത്.
കേവലം 1400 റാൻഡ് (107 ഡോളർ) കൈമാറ്റം ചെയ്യേണ്ട സ്ഥാനത്ത് 14,00,000 റാൻഡ് (പത്ത് ലക്ഷം ഡോളർ) കന്പനി, വിദ്യാർഥിനിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പണം അക്കൗണ്ടിലേക്ക് എത്തിയ ഉടൻതന്നെ വിദ്യാർഥിനി ആഘോഷങ്ങൾ ആരംഭിച്ചു. വില കൂടിയ ഫോണ്‍ സ്വന്തമാക്കിയും അത്യാഡംബര ഹോട്ടലിൽ താമസിച്ചുമൊക്കെയാണ് പണം ചെലവിട്ടത്. എന്നാൽ, വിദ്യാർഥിനിയുടെ ഈ ആഡംബരജീവിതത്തിന് അധികം ആയുസുണ്ടായിരുന്നില്ല.
കൂട്ടുകാരിക്കു പെട്ടെന്നുണ്ടായ മാറ്റം കണ്ട് മറ്റൊരു വിദ്യാർഥിനിയാണ് വിവരം അധികൃതരെ അറിയിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ കന്പനി അധികമായി നല്കിയ പണം പിൻവലിച്ചപ്പോഴേക്കും വിദ്യാർഥിനി തുകയുടെ നല്ലൊരു ശതമാനം ചെലവാക്കിയിരുന്നു. ചെലവിട്ട തുക പെണ്കുട്ടിയിൽനിന്നുതന്നെ ഈടാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.