ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാകുകയാണ് അഭിഭാഷകയായ പാര്‍വതി മേനോന്. സതിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഭാവങ്ങളും തനിമ ചോരാതെയാണ് പാര്‍വതി കുച്ചിപ്പുടിയിലൂടെ അവതരിപ്പിച്ച് കൈയടി നേടുന്നത്.
മൂന്നര വയസില്‍ തുടങ്ങിയ നൃത്ത പഠനം
കലൂര്‍ മാധവത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെയും അഭിഭാഷക മീര മേനോന്റെയും മകളാണ് അഭിഭാഷകയായ പാര്‍വതി മേനോന്. മൂന്നര വയസിലാണ് പാര്‍വതി നൃത്തം പഠിച്ചു തുടങ്ങിയത്. കലാമണ്ഡലം മോഹനതുളസിയാണ് ആദ്യ ഗുരു. തുടര്‍ന്ന് വിശാഖപട്ടണത്തെ കലാരത്ന എ ബി ബാലകൊണ്ടല റാവു വിന്റെയും പദ്മവിഭൂഷണ് ഡോ. പത്മ സുബ്രഹ്മണ്യന്റെയും ശിക്ഷണത്തില്‍ നൃത്തത്തില്‍ ഉപരിപഠനം നടത്തുകയാണ് ഇപ്പോൾ.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ പഠിച്ചെങ്കിലും പാര്‍വതി പിന്നീട് കുച്ചിപ്പുടിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സ്കൂള്‍, കോളജ് പഠനകാലത്ത് പാര്‍വതി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങൾ നേടി യിരുന്നു. നൃത്തത്തിന്റെ കാര്യത്തില്‍ മത്സരത്തില്‍ വിശ്വസിക്കുന്ന ആളല്ല താന്‍ എന്നു അഡ്വ. പാര്‍വതി പറയുന്നു. നൃത്തം എന്നതിന്റെ ലക്ഷ്യം തന്നെ ധര്‍മത്തെ പരിപാലിക്കുക എന്നതാണ്. അതിന് മത്സരത്തിന്റെ അര്‍ഥം കൂടിയുണ്ടാകുക എന്നതിനോട് യോജിപ്പില്ല. സാമ്പ്രദായിക സംവിധാനത്തില്‍ നൃത്തം പഠിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍- അഡ്വ. പാര്‍വതി പറഞ്ഞു.
ജ്വാലാമുഖി
ജ്വാലാമുഖി സോളോ കുച്ചിപ്പുടി നൃത്ത നാടകമാണ്. നടി മോനിഷയുടെ അമ്മയും പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണിയുടെ നേതൃത്വത്തില്‍ മോഹിനി നൃത്തോത്സവ് കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ നടന്നിരുന്നു. ആ ഫെസ്റ്റിവലിലാണ് ജ്വാലാമുഖി അഡ്വ. പാര്‍വതി ആദ്യമായി അവതരിപ്പിച്ചത്. സദസില്‍നിന്ന് നിറഞ്ഞ കൈയടിയാണ് അന്ന് ലഭിച്ചത്. ആ ഊര്‍ജം ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ദിവസം എറണാകുളം ടിഡിഎം ഹാളില്‍ നടന്ന നൃത്ത പരിപാടിയിലൂടെ ജ്വാലാമുഖി വീണ്ടും അരങ്ങിലെത്തിച്ചത്.
ഏകാംഗ നൃത്ത നാടകത്തിന്റെ ആശയവും സൃഷ്ടിയും നിര്‍വ്വഹിച്ചത് അഡ്വ. പാര്‍വതി മേനോന് തന്നെയാണ് . കുച്ചിപ്പുടിയുടെ സമസ്ത തലങ്ങളും ഉള്‍ക്കൊണ്ട സംവേദനാത്മക കൊറിയോഗ്രാഫിയില്‍ നര്‍ത്തകി തന്നെ അപൂര്‍വമായ വാചിക അഭിനയം അവതരിപ്പിച്ചു. ഇത് കുച്ചിപ്പുടിയുടെ അപൂര്‍വ്വ ചാരുതയൊരുക്കി. സ്ക്രിപ്റ്റ് ശിവപുരാണത്തില്‍ നിന്ന് എഡിറ്റ് ചെയ്തു. ബിജീഷ് കൃഷ്ണയാണ് സംഗീതം നിര്‍വഹിച്ച് പാടിയത്.
താളരചന കലാമണ്ഡലം ചാരുദത്തും ആര്‍എല്‍വി ഹേമന്ത് ലക്ഷ്മണും. എട്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ലൈവ് ഓര്‍ക്കസ്ട്രയിലായിരുന്നു “ജ്വാലാമുഖി’ അവതരണം. പാര്‍വതിയുടെ സഹോദരന് മഞ്ജുനാഥ് മേനോനാണ് ഗഞ്ചിറ വായിച്ചത്. ഒന്നേകാല്‍ മണിക്കൂറായിരുന്നു പരിപാടിയുടെ ദൈര്‍ഘ്യം. ജ്വാലാമുഖി കൂടുതല്‍ വേദികളില്‍ എത്തിക്കാനുളള ശ്രമത്തിലാണ് അഡ്വ.പാര്‍വതി. സതിയുടേത് പോലെ ശക്തിമത്തായ വേഷം “ജ്വാലാമുഖി’യില്‍ അവതരിപ്പിക്കാനായതില്‍ അതീവചാരിതാര്‍ഥ്യം ഉണ്ടെന്നു പാര്‍വതി പറഞ്ഞു. കുച്ചിപ്പുടിക്ക് തനത് തലങ്ങളും ഘടനയുമുണ്ട്. അഭിനയത്തോട് ഇഷ്ടമുള്ളതിനാല്‍ അതിനവസരവും കുച്ചിപ്പുടി ഒരുക്കുന്നുണ്ടെന്നാണ് അഡ്വ. പാര്‍വതി മേനോന്റെ അഭിപ്രായം.
കുടുംബത്തിന്റെ പിന്തുണ
പൊതുപരീക്ഷകളുടെ സമയത്ത് മക്കളെ മറ്റു കലാപരമായ പഠനങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തുന്നവരാണ് ഇന്നത്തെ മാതാപിതാക്കള്‍. ഇവിടെയാണ് അഡ്വ. പാര്‍വതിയുടെ രക്ഷിതാക്കള്‍ വ്യത്യസ്തരാകുന്നത്. പരീക്ഷാസമയത്തുപോലും മകള്‍ നൃത്തം അഭ്യസിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചവരാണ് ഇരുവരും.
“ചെറിയ ക്ലാസ് മുതല്‍ പരീക്ഷയുടെ തലേന്ന് പോലും ഡാന്‍സ് പ്രാക്ടീസ് ചെയ്യണമെന്ന് നിര്‍ബന്ധമുള്ള ആളാണ് എന്റെ അമ്മ. അതുകൊണ്ടുതന്നെ പരീക്ഷയാണ് ഇന്ന് നൃത്തപഠനം മാറ്റിവയ്ക്കണമെന്ന ചിന്ത എനിക്ക് ഉണ്ടായിട്ടില്ല. പഠനവും നൃത്തവും പാരലലായി കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ജോലി ചെയ്യുന്ന സമയത്ത് അത് ആത്മാര്‍ഥമായി ചെയ്യുക, ബാക്കി സമയത്ത് മറ്റു കാര്യങ്ങള്‍ ചെയ്യുക, അതാണ് എന്റെ പോളിസി.
എന്റെ കലാപരമായ എല്ലാ കഴിവുകള്‍ക്കും പിന്തുണയേകുന്നത് അച്ഛനും അമ്മയുമാണ്. കുടുംബത്തിന്റെ ഫുള്‍ സപ്പോര്‍ട്ടുണ്ട്- ‘പാര്‍വതി പറഞ്ഞു. അഭിഭാഷ കുടുംബത്തിലെ അഞ്ചാം തലമുറക്കാരിയാണ് പാര്‍വതി. ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയായ പാര്‍വതി കേരള ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ബിരുദാനന്തര ബിരുദത്തിന് തയാറെടുക്കുകയാണ് ഇപ്പോള്‍. കുച്ചിപ്പുടിയില്‍ ഡിപ്ലോമയുള്ള പാര്‍വതി യുവകലാകാരന്മാര്ക്കുള്ള സിസിആര്‍ടി സ്കോളര്‍ഷിപ്പും നേടിയുണ്ട്.
സീമ മോഹന്‍ലാല്‍