കൊടകര: ബലൂണ്‍ വില്പനക്കാരാനായ ബാബു ഇപ്പോൾ കൊടകരയിൽ കുട നന്നാക്കുകയാണ്. ലോക് ഡൗണിൽ ഉത്സവങ്ങളും പെരുന്നാളുകളും ബലൂൺ പൊട്ടിയപോലെ പൊട്ടി പ്രതീക്ഷകൾ അപ്രത്യക്ഷമായതോടെയാണ് ബലൂൺ ബാബു ജീവിക്കാൻ പുതിയ തൊഴിൽ തെരഞ്ഞെടുത്തത്.
കൊടകര ഉളുന്പത്തുംകുന്നിൽ ബാബുവിനു രണ്ടാംക്ലാസ് മാത്രമേ വിദ്യാഭ്യാസമുള്ളൂ. ബലൂണ്‍ വില്പനക്കാരായ മാതാപിതാക്കൾക്കൊപ്പം ബാബു കുട്ടിക്കാലം മുതലേ പോയിരുന്നു. സഹോദരന്മാരായ രാജപ്പൻ, സുരേന്ദ്രൻ, ശശി, ഷണ്മുഖൻ എന്നിവരോടൊപ്പം കളിപ്പാട്ടങ്ങൾ വിൽക്കാനും ബാബു പോയിട്ടുണ്ട്.
കഴിഞ്ഞ നാലരപ്പതിറ്റാണ്ടിലേറെയായി കേരളത്തിലെ ഉത്സവപ്പറന്പുകളിൽ വർണപ്പകിട്ടുള്ള ബലൂണുകളുമായി ബാബുവുണ്ടായിരുന്നു. കേരളത്തിൽ കാസർഗോഡു മുതൽ തിരുവന്തപുരം വരെയുള്ള ജില്ലകളിൽ ബലൂണ്‍ കച്ചവടത്തിനായി ബാബു പോയിട്ടുണ്ട്. ബലൂണ്‍ വില്പനയുമായി പട്ടിണിയില്ലാതെ കഴിഞ്ഞു കൂടുന്നതിനിടെ എത്തിയ കോവിഡ് ബാബുവിന്റെ ജീവിതം നിറം കെടുത്തി.
വൻതുക മുടക്കി വാങ്ങിക്കൂട്ടിയ കളിപ്പാട്ടങ്ങളും ബലൂണുകളും വീട്ടിൽ സൂക്ഷിച്ചിരിക്കയാണ്. ജനങ്ങൾ ഒത്തുകൂടുന്ന ഉത്സവങ്ങളും പെരുന്നാളുകളും ഇനി വരുമോ എന്നറിയാത്ത സാഹചര്യത്തിൽ നാലരപതിറ്റാണ്ടായി ചെയ്തു വന്നിരുന്ന തൊഴിൽ താത്ക്കാലികമായി ബാബു ഉപേക്ഷിച്ചിരിക്കയാണ്.
അങ്ങനെയാണ് ബാബു കുട നന്നാക്കുന്ന പണിയിലേക്കു തിരിഞ്ഞത്.
കൊടകര ടൗണിലെ ഫുട്പാത്തിനോടുചേർന്നു “ബലൂണ്കാരൻ ബാബു കുട നന്നാക്കുന്ന സ്ഥലം’ എന്ന ബോർഡുവച്ചാണ് ബാബു കുട നന്നാക്കാൻ തുടങ്ങിയത്.
ദിവസവും കുറഞ്ഞത് പതിനഞ്ചു കുടകളെങ്കിലും നന്നാക്കാൻ കിട്ടാറുണ്ട്. കൊടകര പഞ്ചായത്ത് കമ്യൂണിറ്റിഹാളിനടുത്ത് ഒരുമ റോഡിലാണ് അറുപത്തിയൊന്നുകാരനായ ബാബുവും കുടുംബവും താമസിക്കുന്നത്.