മട്ടന്നൂർ: തളർന്ന ശരീരവുമായി കഴിയുന്നതിനിടെ നിർമിച്ച കുട പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ വില്പന ആരംഭിച്ചു. മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതച്ചാൽ നമ്പ്യാർപീടികയിലെ കാരുണ്യഭവനിൽ കഴിയുന്ന ആർ.ശിവൻ സ്വയം തൊഴിലെന്ന നിലയിൽ നിർമിച്ച കുടകളാണ് വിവിധ സ്ഥലങ്ങളിൽ മട്ടന്നൂരിലെ അമ്മ പാലിയേറ്റീവ് പ്രവർത്തകർ വിൽക്കുന്നത്.
വയനാട് കോട്ടനാട് സ്വദേശിയായ ശിവന് ജോലിക്കിടെ 2001 ൽ കവുങ്ങിൽ നിന്നു വീണ് ഗുരുതരമായി പരിക്കേൽക്കുന്നത്. അരയ്ക്ക് താഴെ തളർന്നതോടെയാണ് കുട നിർമാണം ആരംഭിച്ചത്. കുട വിറ്റു ലഭിക്കുന്ന തുക മുഴുവനായും ശിവന് നൽകുമെന്ന് പാലിയേറ്റീവ് പ്രവർത്തകർ പറഞ്ഞു. കുടയുടെ വിൽപ്പന ഉദ്ഘാടനം മട്ടന്നൂർ എച്ച് എൻ സി ഹോസ്പിറ്റലിൽ ഷിജാസ് മങ്ങലാട്ടിന് നൽകി മട്ടന്നൂർ എസ് ഐ എ.വി.ദിനേശ് നിർവഹിച്ചു. റാഫി പറയിൽ, പി.ബിനീഷ്, എബിൻ ബാബു, ഷമ്മാസ് അലി, അനിൽ മട്ടന്നൂർ, അനുരാഗ് , പ്രജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.