മടിക്കേരി(കൂര്‍ഗ്): കഴിഞ്ഞ ദിവസം തലക്കാവേരിയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു.
തലക്കാവേരി ക്ഷേത്രത്തിലെ പൂജാദികര്‍മങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മുള്ളേരിയ അഡൂര്‍ സ്വദേശി ശ്രീനിവാസ് (30) ആണ് അപകടത്തില്‍ പെട്ടത്. ദുരന്തത്തില്‍ കാണാതായ മുഖ്യ പൂജാരി നാരായണ ആചാര്യയുടെ വീട്ടില്‍ തന്നെയാണ് ശ്രീനിവാസ് താമസിച്ചിരുന്നത്.
അഡൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്മിനാരായണ പഡില്ലായയുടെ മകനായ ശ്രീനിവാസ് സംഭവം നടന്ന ബുധനാഴ്ച വൈകിട്ട് മൂന്നുമണി വരെ സുഹൃത്തുക്കളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരുന്നു. തലക്കാവേരിയില്‍ കനത്ത മഴയാണെന്ന വിവരവും അറിയിച്ചിരുന്നു.
സന്ധ്യയോടെ ഫോണ്‍ ബന്ധവും ഇല്ലാതാവുകയായിരുന്നു. പിതാവ് ലക്ഷ്മിനാരായണ അഡൂരില്‍ ഹോട്ടല്‍ നടത്തുകയാണ്. തുടര്‍ച്ചയായി അഞ്ചാംദിവസവും പെയ്യുന്ന കനത്ത മഴയും പ്രധാനപാതകളിലുള്പ്പെടെ തുടരുന്ന മണ്ണിടിച്ചിലും തലക്കാവേരിയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വഴിമുടക്കുകയാണ്.
തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരി നാരായണ ആചാര്യ(70), ഭാര്യ ശാന്ത (68), ഇവരുടെ സഹോദരന് ആനന്ദതീര്‍ഥ സ്വാമി (78), പൂജാദികര്‍മങ്ങളില്‍ സഹായിയായിരുന്ന രവികിരണ്‍(26) എന്നിവരെയാണ് ശ്രീനിവാസിനൊപ്പം ഉരുള്‍പൊട്ടലില്‍ കാണാതായത്.
നാരായണ ആചാര്യയുടെ ഗോശാലയിലെ ഇരുപതോളം പശുക്കളും ഉരുള്‍പൊട്ടലില്‍ പെട്ടു. നേരത്തേ മുംബൈയില്‍ അധ്യാപകനായിരുന്ന ആനന്ദതീര്‍ഥ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
അപകടം സംഭവിച്ച സ്ഥലമുള്‍ക്കൊള്ളുന്ന ബാഗമണ്ഡല -തലക്കാവേരി റോഡില്‍ അഞ്ചിടത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായിട്ടുണ്ടെന്നും റോഡിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും കൂര്‍ഗ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ആനീസ് കണ്മണി ജോയ് അറിയിച്ചു. ജില്ലാ ആസ്ഥാനമായ മടിക്കേരിയില്‍ നിന്നും സംഭവസ്ഥലത്തേക്കുള്ള മാര്‍ഗവും തടസ്സപ്പെട്ട നിലയിലാണ്.
തലക്കാവേരി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ജലാശയത്തില്‍ നിന്നാണ് കാവേരി നദിയുടെ ഉദ്ഭവമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തോടുചേര്‍ന്ന് താമസിക്കുന്ന പാരമ്പര്യ ട്രസ്റ്റി കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്.
ബ്രഹ്മഗിരി മലനിരകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുവന്ന മണ്ണും വെള്ളവും ഇവരുടെ വീടുകള്‍ നിലനിന്ന സ്ഥലം പാടേ തകര്‍ത്തെറിഞ്ഞ നിലയിലാണ്.
നാരായണ ആചാര്യയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ വാതില്‍ അല്പമകലെ നദിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കാണാതായവര്‍ നദിയിലെ ഒഴുക്കില്‍പെട്ട് കൂടുതല്‍ ദൂരം എത്തിച്ചേര്ന്നിരിക്കാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്.
കനത്ത മഴ തുടരുന്ന കൂര്‍ഗ് ജില്ലയില്‍ വിരാജ്പേട്ട, ബാഗമണ്ഡല, കരടിഗോഡ് എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.