ഇരിട്ടി: കുടകിലെ സോമവാർപേട്ടയിൽ 16കാരിയായ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ അഭ്യൂഹങ്ങൾക്കൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു.
സോമവാർപേട്ട സുർലഭി സ്വദേശി എം. പ്രകാശ് (ഓംകാരപ്പ-32) ആണ് അറസ്റ്റിലായത്. പ്രതി തൂങ്ങിമരിച്ചതായി പ്രദേശത്തെ സോഷ്യൽ മീഡിയകളിൽ വാർത്ത വന്നിരുന്നു.
വെള്ളിയാഴ്ച പുറത്തുവന്ന വാർത്ത പോലീസ് നിഷേധിക്കാതിരുന്നതും പ്രതി മരിച്ചതായുള്ള വാർത്തയ്ക്ക് ആക്കം കൂട്ടി. എന്നാൽ അന്വേഷണത്തിനൊടുവിൽ തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി.
ഇതിനിടെ ഇന്നലെ രാവിലെ പ്രതിയെ വിദ്യർഥിനിയുടെ വീടിനു സമീപത്തുനിന്ന് തിരനിറച്ച ഒറ്റക്കുഴൽ തോക്ക് സഹിതം പോലീസ് അറസ്റ്റ് ചെയ്തത്.
കല്യാണം മുടക്കിയത് പെൺകുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയത്തിൽ സഹോദരിയെയും കൊല്ലാൻ പ്ലാൻ ചെയ്തിരുന്നതായി കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.
ഈ ലക്ഷ്യത്തോടെയാണ് പ്രതി വീണ്ടും തോക്കുമായി എത്തിയതെന്നും സോഷ്യൽ മീഡിയയിലൂടെ പ്രതി തൂങ്ങിമരിച്ചെന്ന പ്രചാരണം നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു.
പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹം നടത്താൻ വീട്ടുകാരും തീരുമാനിച്ചിരുന്നതായിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ നാട്ടുകാരിൽ ഒരാൾ വനിത -ശിശുക്ഷേമ വകുപ്പിൽ പരാതിപ്പെട്ടു. ഇതെതുടർന്ന് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാകുന്നതു വരെ കാത്തിരിക്കാൻ യുവാവിനോടും പെൺകുട്ടിയുടെ വീട്ടുകാരോടും ആവശ്യപ്പെട്ടു. ഇരു കൂട്ടരും ഇത് സമ്മതിച്ച് നിശ്ചയിച്ച വിവാഹം റദ്ദാക്കി.
എന്നാൽ, നിരാശനായ യുവാവ് വൈകുന്നേരം 5.30ഓടെ പെൺകുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിക്കുകയും പെൺകുട്ടിയെ വീട്ടിൽ നിന്നും വലിച്ചിഴച്ച്കൊണ്ടു പോയവുകയും ചെയ്തു. വീടിന് 100 മീറ്ററിനപ്പുറത്തെത്തി ഇയാൾ പെൺകുട്ടിയുടെ കഴുത്ത് അറുത്തു കൊലപ്പെടുത്തി. ഇതിനു ശേഷം പെൺകുട്ടിയുടെ തലയുമായി ഇയാൾ ഓടിപ്പോവുകയായിരുന്നു.