തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട്ടിയാടുന്ന സ്ഥലങ്ങൾ പഴയ കോലത്തുനാട്ടിൽ ഉൾപ്പെട്ടതായതിനാലാണു വടക്കൻ കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായി തെയ്യം അറിയപ്പെടുന്നത്. ദൈവത്തിന്റെ രൂപങ്ങളായാണ് ഉത്തര മലബാറുകാർ പ്രധാനമായും തെയ്യക്കോലങ്ങളെ കാണുന്നത്.
തെയ്യാട്ടം അഥവാ തെയ്യം അതിവിശിഷ്ടമായ ഈശ്വര ആരാധനയായി കർണാടകത്തിലും പ്രചാരത്തിലുണ്ടെന്നത് മറ്റൊരു കാര്യം. ദക്ഷിണ കുടകാണ് ഇതിന്റെ പ്രധാന കേന്ദ്രം. കുടകിൽ പ്രചാരത്തിലുള്ള തെയ്യങ്ങൾ അനുഷ്ടാന വൈവിധ്യങ്ങള്‍കൊണ്ടും ആചാരങ്ങള്‍കൊണ്ടും തെയ്യാട്ടത്തിന്റെ പൗരാണികത വെളിപ്പെടുത്തുന്നു. വീരാജ്പേട്ടയില്‍നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ബാല്ഗോഡ് ഗ്രാമത്തിലെ മൂരിര തറവാട്ടിലെ തെയ്യാട്ടത്തിന്റെ സവിശേഷത പുതുതലമുറയെ അത്ഭുതപ്പെടുത്തുന്നതാണ്.
കുടകിൽ പൂർവീകാരാധന
കുടകർ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്മറഞ്ഞുപോയ തറവാട്ട് കാരണവരെ സ്മരിക്കുന്നതിനായാണ് തിറയാട്ടം ഒരുക്കുന്നത്. മൂരിര കുടുംബത്തിന്റെ ആയ്മനയിലെ മന്തോജപ്പന് കാരണവരാണ് പിന്തലമുറക്കാരെ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും നേര്‍വഴി കാട്ടിക്കൊടുക്കാനും തെയ്യമായി അവതരിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍നിന്നും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ചുഴലി ഗ്രാമത്തില്‍നിന്നും കുടകില്‍ കുടിയേറിയ വണ്ണാന്മാരാണ് കാരണവരുടെ കോലം കെട്ടുന്നത്. തറവാടിനെ ഒപ്പം നിര്‍ത്തി സംരക്ഷിച്ച വീരശൂരന്മാരായ കാരണവന്മാരെയാണ് കുടകിലെ ആയ്മനകളില് ദൈവക്കോലം കെട്ടി ആദരിക്കുന്നത്.
കാരണവരുടെ പ്രതിരൂപമായി കോലം ധരിച്ച് തിരുമുറ്റത്ത് ഉറഞ്ഞ് തുള്ളുകയും ആയ്മനയിലെ എല്ലാ മുറികളിലും എത്തി പിന്മുറക്കാരെ അനുഗ്രഹിക്കുന്നതും ഇവിടെ പതിവാണ്. കാരണവര്‍ ജീവിച്ചിരുന്ന കാലത്ത് കുടുംബത്തില്‍ ചെയ്ത സേവനങ്ങളും സംരക്ഷണ കാര്യങ്ങളും വാചാലമായി കോലധാരി മൊഴിയും.
കൈകൂപ്പിനിന്ന് കാരണവരോടുള്ള ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുമ്പോള്‍ ഭക്തിയുടെ പാരമ്യത്തില്‍ പുതുതലമുറയും എത്തുകയായി. കുടുംബത്തിലെ ചില പ്രധാനികള്‍ക്ക് കാരണവര്‍ക്കൊപ്പം മൂര്‍ത്തികളുടെ ആവാഹനവും കാണാം. ദേവസ്ഥാനത്തിന് മുന്നില്‍ അവര്‍ വാളും ദണ്ഡുമേന്തി ചെണ്ടമേളങ്ങള്‍ക്കൊപ്പം കോമരത്തെ പോലെ ആടിത്തിമര്‍ക്കും. ഏറ്റവും പൗരാണികമായ ആരാധനാ രീതിയാണ് പൂര്വീകാരാധന.
കാരണവർക്കുള്ള ആദരം
ഭക്തിയും അനുഗ്രഹവും സമന്വയിക്കുന്ന അനുഷ്ടാനമാണ് കുടകില്‍ തെയ്യാട്ടം. കാരണവരുടെ സ്വഭാവവും ശൂരതയും എല്ലാം കോലം ധരിക്കുന്ന വ്യക്തി അറിഞ്ഞിരിക്കണം. അവരുടെ സംസാരരീതി, ആംഗ്യം, ഒക്കെ തെയ്യക്കാരന് പ്രകടിപ്പിക്കേണ്ടി വരും. മുമ്പ് കോലം ധരിച്ചവരില്‍ നിന്നും ഇതെല്ലാം ഗ്രഹിച്ചെടുത്താല് മാത്രമേ പിന് തലമുറക്കാരുടെ മുന്നില്‍ യഥാര്‍ഥ കാരണവരാകാന്‍ കഴിയൂ.
കുടുംബക്കാരും നാട്ടുകാരും അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും നേരിട്ട് കോലധാരിക്കു മുമ്പാകെ വെളിപ്പെടുത്തും. ദൈവ രൂപം പ്രാപിച്ച വ്യക്തി എന്ന് കരുതുന്ന കാരണവര്‍ തെയ്യം അനുഗ്രഹം തേടിയെത്തുന്നവരുടെ കരം പിടിച്ച് ശിരസില്‍ വാള് കൊണ്ട് തഴുകി കുറിയിട്ട് ആശ്വാസ വചനം നടത്തും. ഇതോടെ ഭക്തര്‍ സായൂജ്യമടയുന്നു. തറവാടിനെ സംരക്ഷിച്ച കാരണവര്‍ക്ക് അനന്തരതലമുറ നല്കുന്ന അംഗീകാരവും ആദരവുമാണ് മണ്മറഞ്ഞ കാരണവര്തെയ്യത്തിന് നല്കി പോരുന്നത്.
തെയ്യവും തിറയും
തെയ്യവും തിറയും രണ്ടു വ്യത്യസ്ത പേരാണെങ്കിലും രണ്ടു കലാരൂപത്തിനും തുല്യ അർഥമാണുള്ളത്. തുലാം മാസത്തിലാണ് മലബാറിൽ തെയ്യക്കാലം ഉണരുന്നത്. ക്ഷേത്രങ്ങളിലും കാവുകളിലും ചെണ്ടക്കൂറ്റും ചിലമ്പൊലിയും കൊണ്ട് തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന സമയമാണിത്. കണ്ണൂരിലും കാസര്‍ഗോഡും തെയ്യമായും, വടകര, കൊയിലാണ്ടി മേഖലയില്‍ തിറയായും കോഴിക്കോട് മേഖലയില്‍ തിറയാട്ടമായും ഇതിനെ അറിയപ്പെടുന്നു.
ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യം എന്ന വാക്ക് ഉണ്ടായതെന്ന് പറയപ്പെടുന്നു. തറകളില്‍ വച്ചാടുന്നതാണ് തിറയായതെന്നും തിരുഉടലാട്ടമാണ് തിറയാട്ടം എന്നും പറയപ്പെടുന്നു. ആധിവ്യാധികളെല്ലാം മനുഷ്യരിൽനിന്ന് ഒഴിഞ്ഞുപോകുവാനായിട്ടാണ് ഇത്തരം കലാരൂപങ്ങൾ ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടുന്നതെന്നാണ് വിശ്വാസം.
ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങൾ
പ്രാചീനകാലത്തെ കുലദൈവങ്ങളെയും പൂര്‍വികരെയും യുദ്ധവീരന്മാരെയുമൊക്കെ തെയ്യങ്ങളായി ആരാധിച്ചു പോരുന്നു. ഓരോ തെയ്യത്തിനും വേഷത്തിലും മുഖത്തെഴുത്തിലും വ്യത്യാസമുണ്ടായിരിക്കും. പാരമ്പര്യരീതി അനുസരിച്ച് എട്ടും പത്തും മണിക്കൂറെടുത്താണ് ഒരു മുഖത്തെഴുത്ത് പൂര്‍ത്തിയാക്കുന്നത്. ചെണ്ടയുടെയും ഇലത്താളത്തിന്റെയും താളത്തിനൊത്ത് മുടിയണിഞ്ഞ തെയ്യക്കോലം ചുവടുവയ്ക്കുമ്പോള്‍ പ്രാചീനകാലത്തെവിടെയോ നടക്കുന്ന ഒരനുഷ്ഠാനത്തിനാണ് നമ്മള് സാക്ഷ്യം വഹിക്കുന്നതെന്ന് തോന്നിപ്പോകും.
തെയ്യക്കോലത്തിന്റെയും കാവിന്റെയും പ്രാധാന്യത്തിനനുസരിച്ച് 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഒരു തെയ്യാട്ടം. നവംബര്‍ മുതല്‍ മേയ് വരെയാണ് പൊതുവേ തെയ്യങ്ങളുടെ കാലം. ചമയങ്ങളണിഞ്ഞ്, മണികിലുക്കി, തെയ്യങ്ങൾ കാവുകളിലേക്കിറങ്ങാനാരംഭിക്കുന്ന മാസം. കലയാണോ അനുഷ്ഠാനമാണോ എന്ന് ചോദിച്ചാൽ വ്യക്തമായൊരുത്തരമില്ല. ഒന്നറിയാം. തെയ്യവും തെയ്യത്തിലെ ദേവതകളും ഒരു നാടിന്റെ, ഒരുപറ്റം മനുഷ്യരുടെ രക്തത്തിലേക്ക് ആഴ്ന്നിറങ്ങിയതാണ്. തലമുറകളായി ആ ലഹരി പടർന്നുകിടക്കുന്നതായി കാണാം…
പി. ജയകൃഷ്ണൻ