ബംഗളൂരു: മഴക്കെടുതി രൂക്ഷമായ കർണാടകയിലെ കുടക് ജില്ലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ജില്ലയിൽ ദിവസങ്ങളായി തുടരുന്ന മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് ആറുപേരാണ് ഇന്നലെ വരെ മരിച്ചത്.
വിവിധ സ്ഥലങ്ങളിലായി നിരവധിപ്പേർ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമനസേന, ദ്രുതകർമസേന എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. കരസേനയുടെ 73 എൻജിനിയറിംഗ് ദൗത്യസേനാംഗങ്ങളും നാവികസേനയുടെ 12 നീന്തൽവിദഗ്ധരും ജില്ലയിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
കുടകിൽ ഉരുൾപൊട്ടലിനെത്തുടർന്ന് രണ്ടാഴ്ച പ്രായമായ കുഞ്ഞുൾപ്പെടെ ആറുപേരാണ് മരിച്ചത്. വ്യാഴാഴ്ച കടക്കേരിയിലുണ്ടായ ഉരുൾപൊട്ടലിലാണ് വെങ്കടേഷ്, യശ്വന്ത്, പവൻ എന്നിവർ മരിച്ചത്. ജോഡുപാലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് വീടു തകർന്നുവീണാണ് ബസപ്പ മരിച്ചത്. വെള്ളിയാഴ്ച മുവതോക്ലുവിൽ വീടു തകർന്നുവീണ് മുക്കാതിര സാബു ഉത്തപ്പ മരിച്ചു. മന്ത്രി ആർ.വി. ദേശ്പാണ്ഡേയാണ് മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
കുടക് ജില്ലയിലെ ജോഡുപാലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഇരുപതിലേറെപ്പേരെ കാണാതായി. ഷിറംഗല, മണ്ഡൽപട്ടി, മുക്കോഡ്ലു, ഹത്തിഹോളെ, കളൂരു, ഗലിബീഡു, മൊന്നംഗേരി എന്നിവിടങ്ങളിലാണ് വലിയതോതിൽ മണ്ണിടിച്ചിലുണ്ടായത്. മഡിക്കേരി, കുശാൽനഗർ, നാപോക്ലു എന്നിവയടക്കം നിരവധി നഗരങ്ങളും ഗ്രാമങ്ങളും ഒറ്റപ്പെട്ടു. മലയാളികൾ ഉൾപ്പെടെ മൂന്നൂറോളം പേരെ സുള്ള്യയിലെ സംപാജെ, അറൻതോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഭക്ഷണവും കുടിവെള്ളവും പോലുമില്ലാതെയാണ് പലരും ദുരിതമേഖലകളിൽ കുടുങ്ങിയിരിക്കുന്നത്. മൊബൈൽ നെറ്റ്വർക്ക് തകരാറിലായതോടെ പോലീസിനെയോ ബന്ധുക്കളെയോ സഹായത്തിനു വിളിക്കാൻ പോലും ഇവർക്ക് കഴിയുന്നില്ല. രക്ഷാപ്രവർത്തനത്തിനായി ജില്ലാ അധികൃതർ ഹെലികോപ്ടറുകളുടെ സഹായം തേടിയെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് അവയ്ക്ക് എത്താനായില്ല.
തകർന്ന വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും കല്ലും ജെസിബിയുടെ സഹായത്താൽ നീക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ തിരിച്ചടിയാകുന്നുണ്ട്. ആയിരത്തിലേറെപ്പേരെ ഇതിനോടകം രക്ഷപെടുത്തി. ജില്ലയിലുടനീളം 17 ദുരിതാശ്വാസ കേന്ദ്രങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ ഭൂരിഭാഗം എടിഎമ്മുകളും പെട്രോൾ പമ്പുകളും കാലിയായി. എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലും മടിക്കേരി, സോമവാർപേട്ട്, വിരാജ്പേട്ട്, സിദ്ധാപുര എന്നീ നഗരങ്ങൾ ഒറ്റപ്പെട്ടതിനാൽ അതിന് സാധിച്ചിട്ടില്ല. മരുന്നിനും അവശ്യസാധനങ്ങൾക്കും ഇവിടെ ദൗർലഭ്യം നേരിടുന്നുണ്ട്.
മണ്ണിടിച്ചിലിനെത്തുടർന്ന് മംഗളൂരു- മടിക്കേരി റോഡ് തകർന്നതോടെ ജില്ലയിലേക്ക് ഇന്ധനമെത്തിക്കാൻ സാധിക്കുന്നില്ല. മൈസൂരു- മടിക്കേരി റോഡിലും ഗതാഗതം തടസപ്പെട്ടു. ദുരിതാശ്വാസത്തിനായി വിവിധ ഗ്രാമങ്ങളിലായി റവന്യൂ, മെഡിക്കൽ, ഭക്ഷ്യ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. ടെലികോം, മൊബൈൽ സേവനദാതാക്കളും അറ്റകുറ്റപ്പണികൾക്കായി സാങ്കേതികപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്.