ആരെയും ആകർഷിക്കുന്ന വശ്യതയാണ് കുടകിന്റേത്. നിത്യഹരിത വനങ്ങളും കോടമഞ്ഞ് മൂടിയ മലനിരകളും കാപ്പി, തേയിലത്തോട്ടങ്ങളും കുടകിനെ മനോഹാരിതമാക്കുന്നു. കർണാടക സംസ്ഥാനത്തിലെ പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന ജില്ലയാണ് കുടക്. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ മുതൽ 1715 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. ഇന്ത്യയുടെ സ്കോട്ട്ലാൻഡ് എന്നാണ് കുടക് അറിയപ്പെടുന്നത് തന്നെ. കൂർഗ് എന്ന് വിളിക്കുന്നതും ഈ പ്രദേശത്തെ തന്നെയാണ്. നിരവധി സുഖവാസ കേന്ദ്രങ്ങളാണ് കുടക് കേന്ദ്രീകരിച്ചുള്ളത്.
പണ്ട് ബ്രിട്ടീഷുകാർ നേരിട്ടു ഭരിച്ചിരുന്ന സ്ഥലമായിരുന്നു കുടക്. 1950ൽ ഇത് സ്വതന്ത്ര സംസ്ഥാനമായി മാറി. 1956ൽ കുടക് കർണാടക സംസ്ഥാനത്തിൽ ലയിച്ചു. ഇപ്പോൾ കർണാടകത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് കുടക്. സോമവാരപ്പേട്ട്, വീരാജ്പേട്ട്, മടിക്കേരി എന്നീ താലൂക്കുകളുൾപ്പെടുന്ന പ്രദേശമാണ് ഇത്.
പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്കും സാഹസിക സഞ്ചാരികൾക്കും പറ്റിയ സ്ഥലങ്ങൾ കുടകിലുണ്ട്. ബാരെപ്പോലെ നദി, കാവേരി നദി എന്നിവിടങ്ങളിൽ റിവർ റാഫ്റ്റിംഗിന് സൗകര്യമുണ്ട്. പിന്നിയിറച്ചിയാണ് കുടകിലെ പ്രധാന വിഭവം. കൊടവ, തുളു, ഗൗഡ, കുടിയ, ബുൻട തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവരാണ് കുടകിലുള്ളത്. കാപ്പിയാണ് പ്രധാന വിളയെങ്കിലും തേയില, ഏലം, കുരുമുളക് എന്നിവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്.
കുടകിലെ കാപ്പിത്തോട്ടങ്ങൾ
കുടകിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇവിടുത്തെ കാപ്പിത്തോട്ടങ്ങൾ. കാപ്പിച്ചെടികൾ പൂവിടുന്ന സമയത്ത് കൊടകിലെ തോട്ടങ്ങൾ മുഴുവൻ വെള്ളപ്പരവതാനി വിരിച്ചപോലെയാകും. എല്ലായിടത്തും കാപ്പിപ്പൂവിന്റെ സുഗന്ധം നിറയും. ബ്രിട്ടീഷുകാരാണ് കുടകിൽ കാപ്പി കൃഷിക്ക് തുടക്കമിട്ടത്. അറബിക്ക, റോബസ്റ്റ എന്നീ ഇനത്തിൽപ്പെട്ട കാപ്പികളാണ് ഇവിടെ കൃഷിചെയ്യുന്നത്. ഫെബ്രുവരി മുതൽ മാർച്ച് മാസം വരെയുള്ള കാലയളവിലാണ് കുടകിൽ കാപ്പിച്ചെടികൾ പൂവിടുന്നത്.
തലക്കാവേരി
കാവേരി നദിയുടെ ഉത്ഭവ സ്ഥലമാണ് തലക്കാവേരി. ഇവിടുത്തെ ബ്രഹ്മഗിരി മലനിരകളിൽനിന്നാണ് കാവേരി പിറവികൊള്ളുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1,608 മീറ്റർ ഉയരത്തിലാണ് ബ്രഹ്മഗിരി മലനിരകൾ സ്ഥിതിചെയ്യുന്നത്. തലക്കാവേരിയോട് ചേർന്ന് ബ്രിഹദ്ദേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നു. കുടകിന്റെ ആസ്ഥാനമായ മഡിക്കേരിയിൽനിന്നും 48 കിലോമീറ്റർ അകലെയാണ് തലക്കാവേരി സ്ഥിതിചെയ്യുന്നത്. വന്യമൃഗ സംരക്ഷണ കേന്ദ്രമായ പ്രദേശം കൂടിയാണ് ഇവിടം.
മടിക്കേരി കൊട്ടാരം
പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് മടിക്കേരി കോട്ടയും കൊട്ടാരവും. പിന്നീട് ഈ കോട്ട ടിപ്പുവിന്റെ കടന്നുവരവോടെ പുതുക്കിപ്പണിതു. പതിനെട്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും ഇത് ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനു കീഴലായി. മടിക്കേരി നഗരത്തിൽ തന്നെയാണ് കൊട്ടാരമുള്ളത്.
ഗോൾഡൻ ടെന്പിൾ
ബൈലേകുപ്പയിലാണ് ടിബറ്റൻ മൊണാസ്ട്രിയായ ഗോൾഡൻ ടെംപിൾ സ്ഥിതിചെയ്യുന്നത്. 1995ലാണ് ഇതിന്റെ നിർമാണം ആരംഭിക്കുന്നത്. 40 അടി ഉയരമാണ് ഗോൾഡൻ ടംപിളിന് ഉള്ളത്. ക്ഷേത്രത്തിനകത്ത് സ്വർണ നിറത്തിലുള്ള നിരവധി ബുദ്ധ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. മഡിക്കേരിയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് ഗോൾഡൻ ടെംപിൾ സ്ഥിതിചെയ്യുന്നത്.
അബ്ബി വെള്ളച്ചാട്ടം
മഡിക്കേരിയിൽനിന്നും ആറ് കിലോമീറ്റർ അകലെയാണ് അബ്ബി വെള്ളച്ചാട്ടം. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തികൂടുകയും ഇവിടം വെള്ളംവീഴുന്ന ശബ്ദത്താൽ മുഖരിതമാവുകയും ചെയ്യും. വെള്ളച്ചാട്ടത്തിന്റെ എതിർവശത്തായി ഒരു തൂക്കപാലമുണ്ട്. ഇതിൽ കയറിനിന്നാൽ ഇവിടുത്തെ ദൃശ്യം നന്നായി ആസ്വദിക്കാം.
ട്രക്കിംഗ് കേന്ദ്രങ്ങൾ
ബ്രഹ്മഗിരി മലനിരകളുടെ ഭാഗമായ പുഷ്പഗിരി, കോട്ടെബെട്ട, ഇക്ഷുത്താപ്പ, നീശാനി മൊട്ടേ തുടങ്ങിയവ കുടകിലെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങളാണ്.
സന്ദർശനത്തിന് പറ്റിയ സമയം
ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കുടക് സന്ദർശിക്കാൻ പറ്റിയ മാസങ്ങൾ. തെളിഞ്ഞ കാലാവസ്ഥയും തണുപ്പും ഒത്തുചേരുന്ന സമയമാണിത്.
കുടകിലേക്ക് എങ്ങനെ എത്താം
എറണാകുളത്തുനിന്ന് ദേശീയപാത 66 ലൂടെ ഗുരുവായൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, തോൽപ്പെട്ടി വഴി കൊടകിലേക്ക് 356 കിലോമീറ്റർ.
തിരുവനന്തപുരത്തുനിന്ന് ദേശീയപാത 66 ലൂടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഗുരുവായൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, തോൽപ്പെട്ടി വഴി കുടകിലേക്ക് 563 കിലോമീറ്റർ.
അടുത്തുള്ള വിമാനത്താവളം മൈസൂർ.
127 കിലോമീറ്റർ ദൂരം അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം മംഗലാപുരം 157 കിലോമീറ്റർ ദൂരം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മൈസൂർ ജംഗ്ഷൻ 95 കിലോമീറ്റർ ദൂരം.