പൂച്ചാക്കൽ: മണ്ണ് പരിശോധന തകൃതിയായി നടത്തി അനുകൂല ഫലമുണ്ടായിട്ടും കുടപുറം- എരമല്ലൂർ പാലത്തിനായി നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചു വർഷം.
എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പാലത്തിന്റെ നിർമാണത്തിനായി തുക വകയിരുത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ, തുക ലഭിച്ചില്ല. മണ്ണ് പരിശോധന പൂർത്തിയായിട്ടും പാലത്തിന്റെ നിർമാണം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.
അപകട യാത്ര
ആറുവർഷം മുമ്പാണ് അരൂക്കുറ്റി പഞ്ചായത്തിലെ കുടപുറം ഫെറിയിൽനിന്ന് എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഫെറിയിലേക്കു പാലത്തിനു പദ്ധതി ആരംഭിച്ചത്. ഇതോടനുബന്ധിച്ചു മണ്ണ് പരിശോധന നടത്തി അനുകൂല ഫലമുണ്ടായിട്ടും പാലം നിർമാണത്തിനു നടപടി ആയില്ല. ഒരു കിലോമീറ്ററോളമാണ് ഫെറിയുടെ ദൂരം.
ഫണ്ടിന്റെ കുറവും തുറവൂർ- തൈക്കാട്ടുശേരി പാലം യാഥാർഥ്യമായതുമാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. ജില്ലയുടെ വടക്കൻ മേഖലകളായ പെരുമ്പളം, പാണാവള്ളി, വടുതല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കു ദേശീയ പാതയിലേക്ക് എത്താൻ എളുപ്പമാർഗമാണ് കുടപുറം – എരമല്ലൂർ കടത്ത്.
കുടപുറം-എരമല്ലൂർ ഫെറിയിൽ നിലവിൽ വാഹനം കയറ്റാവുന്ന വിധമുള്ള ചങ്ങാട സർവീസാണ് നടക്കുന്നത്. അപകടാവസ്ഥയിലായ ചങ്ങാടത്തിൽ ജീവൻ പണയംവച്ചാണ് യാത്രയെന്നു യാത്രക്കാർ പറയുന്നു.
ചങ്ങാടം മുടങ്ങിയാൽ
രണ്ടു കരകളിലേക്കുമുള്ള വിദ്യാർഥികൾ, പീലിംഗ് ഷെഡ് തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങി നൂറുകണക്കിനു യാത്രക്കാരാണ് ദിവസവും ചങ്ങാട സർവീസിനെ ആശ്രയിക്കുന്നത്.
ചങ്ങാടം മുടങ്ങുന്നതും പതിവാണ്. ചങ്ങാട സർവീസ് ഇല്ലെങ്കിൽ ഇവിടങ്ങളിലേക്കുള്ള യാത്രക്കാർ അരൂക്കുറ്റി-അരൂർ, തുറവൂർ –തൈക്കാട്ടുശേരി റോഡ് വഴി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
പാലം വന്നാൽ യാത്രാ സൗകര്യത്തിനു പുറമെ പ്രദേശത്തിന്റെ വികസനത്തിനും ഗുണംചെയ്യും. പാലം വേണമെന്ന ആവശ്യം ഉന്നയിച്ചു ചേർത്തല താലൂക്ക് വടക്കൻമേഖല വികസന സമിതി ഉൾപ്പെടെയുള്ള സംഘടനകളും പ്രദേശവാസികളും ഒട്ടേറെ നിവേദനങ്ങൾ നൽകി ബജറ്റിൽ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, പാലത്തിനു തുകയില്ലെന്ന് അറിഞ്ഞതു മുതൽ പ്രതിഷേധം വീണ്ടും ശക്തമാകുകയാണ്.