സ്വന്തം ലേഖകന്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചേരി പുലിക്കയം പൊന്നാമറ്റത്തില്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍ (43) മകള്‍ ആല്ഫൈന് (ഒന്നര)എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസിന് ശക്തമായ തെളിവുകൾ ലഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകൾ ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
കൊലപാതക പരമ്പരകളിലെ ഏറ്റവും അവസാനത്തേതാണ് സിലിയുടേത് എന്നതിനാല്‍ സംഭവം ബന്ധുക്കള്‍ ഉള്‍പ്പെടെ ഓര്‍ത്തിരിക്കുന്നുണ്ട്. ഇത് കേസ് അന്വേഷണം സുഗമമാക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും പിതാവ് സക്കറിയയ്ക്കും എതിരേ നിര്‍ണായകമൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരറിയാതെ ഈ കൊലപാതകങ്ങള്‍ നടക്കില്ലെന്നാണ് ബന്ധുക്കൾ പോലീസിനോട് പറയുന്നത്.
അതേസമയം, വിവരങ്ങൾ നൽകാൻ അയൽവാസികളുൾപ്പെടെ ചിലർ മടിക്കുന്നുണ്ട്. തെളിവുകൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന് ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം. അങ്ങനെ വന്നാൽ പലരും സംഭവങ്ങൾ തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഷാജുവിനും പിതാവിനുമെതിരേ ഇതുവരെ ലഭിച്ച മൊഴികളും തെളിവുകളും അറസ്റ്റിലേക്ക് നയിക്കുമെങ്കിലും എല്ലാ തെളിവുകളും കൂട്ടിയിണക്കി കുരുക്ക് മുറുക്കിയശേഷം അറസ്റ്റ് മതിയെന്നാണ് പോലീസിനു ലഭിച്ച നിയമോപദേശം. അതിനാൽ ചാടിക്കയറി അറസ്റ്റ് ഉണ്ടാകില്ല.
ശക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് റോയ് തോമസ് കൊലപാതകകേസിന് പുറമേ രണ്ടാമതായി സിലി വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിലി വധക്കേസിലെ തെളിവുകള്‍ മറ്റ് കൊലപാതകകേസുകളിലേക്കും വെളിച്ചം വീശുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജോളിയെ ഇന്ന് കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇവരെ ഏതുരീതിയില്‍ ചോദ്യം ചെയ്യണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം തയാറാക്കിക്കഴിഞ്ഞു. റോയ് തോമസ് കൊലപാതകക്കേസില്‍ നിന്നും വ്യത്യസ്തമാണ് സിലി കേസ് എന്ന് അന്വേഷണസംഘം കരുതുന്നു.
കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ജോളി തന്നെ കഠിനമായി ദ്രോഹിച്ചിട്ടുണ്ടെന്ന സിലിയുടെ മൂത്തമകന്റെ മൊഴി തുടരന്വേഷണത്തിന് ഏറെ സഹായകമായിട്ടുണ്ട്. സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെ കുറിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബാലന് തുറന്നു പറഞ്ഞത്. ഈ ഒരു സാഹചര്യത്തില്‍ സിലി വധക്കേസില്‍ കൂടുതല്‍ ബന്ധുക്കള്‍ ജോളിക്കെതിരേ മൊഴി നല്‍കാനുള്ള സാധ്യതയുണ്ട്.
നിലവില്‍ മുന്‍ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിക്കെതിരേ പരമാവധി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃക്സാക്ഷിമൊഴികളും സാഹചര്യതെളിവുകളുമാണ് ഇതില്‍ ഏറെയും. ഇതിനിടെ കൂടത്തായി കൊലപാതകപരന്പരയിലെ ആദ്യസംഭവമായ പൊന്നാമറ്റത്തിൽ അന്നമ്മടീച്ചർ, ഭർത്താവ് ടോം തോമസ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചതായി അറിയുന്നു. ബന്ധുക്കളുടെ മൊഴികൾ, ആശുപത്രി രേഖകൾ എന്നിവ കേസിന് സഹായകമാകും.
ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതിനുമുന്പ് ആറുപേരെയും ഓമശേരിയിലെ ശാന്തി ആശുപത്രിയിൽ എത്തിച്ചത് ചിലതൊക്കെ ഒതുക്കാനായിരുന്നു എന്നതിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചു. സയനൈഡ് ഉള്ളിൽചെന്ന് സിലി താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞുവീണപ്പോൾ തൊട്ടടുത്ത് സർക്കാർ ആശുപത്രിയടക്കം അഞ്ച് ആശുപത്രികളുണ്ടായിട്ടും 12 കിലോമീറ്റർ അകലെയുള്ള ഓമശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഭർത്താവ് ഷാജുവിന് ഉത്തരമുണ്ടായില്ല എന്നതും തെളിവായി മാറും. എൻഐടി പ്രഫസറെന്ന വ്യാജപദവിയിൽ വിലസിയ ജോളിക്ക് ആശുപത്രി അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.