വെർഫി കുഡിയെന്ന പതിനെട്ടുകാരി തന്റെ പിറന്നാൾ ആഘോഷിക്കാൻ പോയി. ഇരുപത് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ നഷ്ടമായി. കേൾക്കുന്പോൾ എന്തെങ്കിലും അപകടം സംഭവിച്ചതാണോയെന്നു തോന്നിയേക്കാം.
അല്ല, തന്റെ ആഘോഷങ്ങൾക്കു വേണ്ടി കുഞ്ഞിനെ കൊലയ്ക്കു കൊടുക്കുകയായിരുന്നു. ഇതുവായിച്ചാൽ ഇങ്ങനെയും അമ്മമാരോ എന്നു നമ്മൾ ചിന്തിച്ചുപോകും. കുഞ്ഞ് മരിച്ചതിന് അന്വേഷണ സംഘം വെർഫിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തിരിക്കുകയാണ്.
കുഞ്ഞിനെ തനിച്ചാക്കിയിട്ടായിരുന്നു ഈ അമ്മയുടെ പാർട്ടി ആഘോഷങ്ങൾ. പതിനെട്ടാം പിറന്നാൾ ആഘോഷിക്കാൻ കുഞ്ഞിനെ ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ വീട്ടിൽ ഒറ്റയ്ക്ക് ഉപേക്ഷിച്ചു പോയ അമ്മ തിരിച്ചെത്തിയത് ആറു ദിവസങ്ങൾക്കു ശേഷമാണ്!
കുഞ്ഞിനു സമീപത്തുനിന്ന് ഒരു മണിക്കൂർ പോലും മാറിനിൽക്കാൻ അമ്മമാർക്ക് മനസു വരാത്തപ്പോഴാണ് ആറു ദിവസം പിഞ്ചു കുഞ്ഞിനെ തനിച്ചാക്കി ഇവർ പാർട്ടി ആഘോഷിക്കാൻ പോയത്.
കുഞ്ഞ് എസി ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടത് ഒരു തവണയല്ല, പതിനൊന്നു തവണ കുഞ്ഞിനെ ഒറ്റയ്ക്കു വീട്ടിൽ ഉപേക്ഷിച്ചിട്ടു കുഡി പോയിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി. ബ്രൈട്ടണിലെ ഫ്ളാറ്റിൽ കുഞ്ഞിനെ തനിച്ചാക്കി കുഡി പോകുന്നതിന്റെ തെളിവുകൾ സിസിടിവിയിൽനിന്നു പോലീസിനു ലഭിച്ചു.
രണ്ടു മാസം മാത്രം
ആദ്യത്തെ തവണ കുഞ്ഞിനെ തനിച്ചാക്കി പോകുന്പോൾ കുഞ്ഞിനു രണ്ടു മാസത്തിൽ താഴെയായിരുന്നു പ്രായം. 2019 ഡിസംബറിലാണ് വിശപ്പും പട്ടിണിയും കുഞ്ഞിന്റെ ജീവനെടുക്കുന്നത്.
2019 ഒക്ടോബർ പകുതിയിൽ കുഞ്ഞിനെ തനിച്ചാക്കി ഇവർ പോയിരുന്നതായി ചോദ്യംചെയ്ത ഉദ്യോഗസ്ഥർ കണ്ടെത്തി. കുഞ്ഞിനെ തനിച്ചാക്കി പോയ ഏഴു സംഭവങ്ങളെ പ്രോസിക്യൂഷൻ അതീവ ഗുരുതരമെന്നു ചൂണ്ടിക്കാണിച്ചു
2019 ഒക്ടോബർ പകുതിയോടെ കുഡി താമസിക്കുന്ന ഗോച്ചർ കോർട്ട് അപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർക്ക് ഇക്കാര്യങ്ങൾ അറിയാമെന്നു വൈഎംസിഎ ഗ്രൂപ്പ് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, ഒരു കുടുംബാംഗത്തെയും ബന്ധപ്പെടുകയോ ഇതിനെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ല. ഇതാദ്യമായാണ് ഇത്രയും പ്രശ്നങ്ങളുണ്ടെന്നു ഞങ്ങൾ കേട്ടതെന്നാണ് കുഡിയുടെ ഒരു ബന്ധു പറഞ്ഞത്.
കൊലയാളി അമ്മ
ജന്മദിന ആഘോഷമൊക്കെ കഴിഞ്ഞു വീട്ടിലെത്തിയ കുഡി അടിയന്തര നന്പരിൽ വിളിച്ചിട്ടു തന്റെ കുഞ്ഞ് ഉണരുന്നില്ലെന്നു പറഞ്ഞു. ഉടനെ കുഞ്ഞിനെ ബ്രൈട്ടണിലെ റോയൽ അലക്സാണ്ട്ര ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെയത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
പോസ്റ്റ്മോർട്ടം പരിശോധനയിലും തുടർന്നുള്ള ഫോറൻസിക് പരിശോധനയിലും കുഞ്ഞ് നിർജലീകരണവും പട്ടിണിയും അമ്മയിൽനിന്നുള്ള അവഗണനയും മൂലവുമാണ് മരിച്ചതെന്നു സംശയം പ്രകടിപ്പിച്ചു.
ഡിസംബർ നാലിനും 12നും ഇടയിലാണ് കൊലപാതകം നടന്നതെന്നു സമ്മതിച്ച കുഡി ലൂയിസ് ക്രൗണ് കോടതിയിൽ കുറ്റം സമ്മതിച്ചു കരഞ്ഞു. മനഃശാസ്ത്ര റിപ്പോർട്ട് കിട്ടിയാൽ മേയ് 28 ന് കുഡിയെ ശിക്ഷിക്കും.
എസിയയുടെ ദാരുണമായ മരണത്തിൽ ഞങ്ങൾ ദുഃഖിതരാണെന്ന് ബ്രൈടണ് ആൻഡ് ഹോവ് സേഫ്ഗിംഗ് ചിൽഡ്രൻ പാർട്ണർഷിപ്പ് (ബിഎച്ച്എസ്സിപി) പറഞ്ഞു.
ഞങ്ങളുടെ പരിരക്ഷണ റോളിൽ, എന്താണ് സംഭവിച്ചതെന്നു പരിശോധിക്കാനും കുട്ടികളുടെ സംരക്ഷണത്തിനായുള്ള പരിശീലനത്തിനായി ഒരു അവലോകനം നടത്താനും ഞങ്ങൾ പങ്കാളിത്തത്തോടെ പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.