കുടിവെള്ളക്ഷാമം എന്നത് പുതിയ കാര്യമല്ല. എല്ലായിടത്തും അതുണ്ട് എന്നതാണ് സത്യം. അതിനെ എങ്ങനെ പരിഹരിക്കാം എന്നതാണല്ലോ പ്രധാനം.
ചിലപ്പോള്‍ അധികാരികള്‍ തന്നെ ഒരു വഴി കണ്ടെത്തും. വെള്ളമുള്ളയിടത്തുനിന്നൊരു പൈപ്പ് കണക്ഷനോ, ലോറികളിൽ വെള്ളമെത്തിച്ചോ അങ്ങനെ പ്രശ്നം പരിഹരിക്കാന്‍ വഴികള്‍ ഏറെയുണ്ട്.
എന്നാല്‍ അധികാരികള്‍ കൈയ്യൊഴിഞ്ഞ ഒരു കുടിവെള്ള പ്രശ്നം ജനങ്ങള്‍ കൈകാര്യം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും വരുന്നത്.
ഇതല്ലാതെ വേറെ വഴിയില്ല
സംഭവം നടക്കുന്നത് മധ്യപ്രദേശിലെ ബൊര്ഖേഡി എന്ന ഗ്രാമത്തിലാണ്. വേനല്‍ കനത്താല്‍ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാകും. അറുന്നൂറോളം പേരടങ്ങുന്ന ഗ്രാമീണ ജനതയ്ക്ക് പിന്നെ നെട്ടോട്ടമാണ്.
ഇവിടെ ആശ്രയമായി ഉണ്ടായിരുന്നതാകട്ടെ ഒരു കുഴല്‍ കിണര്‍ മാത്രം. എന്നാല്‍ അതിലും വെള്ളം ലഭിക്കാതായതോടെയാണ് പ്രശ്നം ഗുരുതരമായത്. എന്തുചെയ്യും.
ഗ്രാമീണജനത തലപുകഞ്ഞാലോചിച്ചു. പിന്നെയുള്ള ജനസംഭരണി ഗ്രാമത്തില്‍ നിന്നും കുറച്ചകലെയുള്ള ആഴമുള്ള ഒരു കിണറാണ്. അതിലും വെള്ളം കുറവാണ്.
അതിനാല്‍ കോരിയെടുക്കുക എന്നതൊക്കെ അസാധ്യവുമാണ്. അങ്ങനെ അവര്‍ ഒരുവഴി കണ്ടെത്തി. അവര്‍ എന്നു പറഞ്ഞാല്‍ ഗ്രാമത്തിലെ സ്ത്രീകള്‍ എന്ന് പറയുന്നതാകും ശരി. അങ്ങനെ ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും ഒന്നടങ്കം കിണറിനടുത്തേക്ക് പോയി.
കൈയില്‍ ബക്കറ്റും വെള്ളം ശേഖരിക്കാനുള്ള മറ്റ് പാത്രങ്ങളും. കിണറിലിറങ്ങി വെള്ളമെടുത്ത് ഓരോരുത്തരായി വീടുകളിലേക്ക് പോകുക എന്നത് പ്രയാസമായിരുന്നു.
അതിനാല്‍ അവര്‍ ഒരു വഴി കണ്ടെത്തി. സംഘത്തിലെ ചുറുചുറുക്കുള്ള യുവതികള്‍ കിണറിലിറങ്ങി.
ഇനിയെങ്കിലും പരിഹാരം ഉണ്ടാകുമോ
അവര്‍ കിണറിലെ ഓരോ പടകളിലും നിലയുറപ്പിച്ചു. കുറച്ചുപേര്‍ കിണറിലെ ആഴത്തിലിറങ്ങി. കൈയിലെ പാത്രങ്ങളില്‍ ഏറ്റവും താഴെ നിന്നവര്‍ വെള്ളം ശേഖരിച്ച് പടവുകളില്‍ ഉള്ളവര്‍ക്ക് കൊടുത്തു.
അവര്‍ ഒരു ചങ്ങല പോലെ പാത്രങ്ങള്‍ കൈമാറി മുകളിലെത്തിച്ചു. അങ്ങനെ കൊണ്ടുവന്ന എല്ലാ പാത്രങ്ങളിലും അവര്‍ വെള്ളം ശേഖരിച്ചു.
ഏറെ സാഹസപ്പെട്ടാണ് യുവതികള്‍ കിണറിലിറങ്ങി വെള്ളം എടുത്ത് മുകളിലെത്തിച്ചത്. സംഭവം അങ്ങനെ വിജയംകണ്ടു.
ഗ്രാമത്തിലെ കുടിവെള്ള പ്രശ്നത്തിന് അങ്ങനെ താത്കാലിക പരിഹാരമായി. ഗ്രാമീണസ്ത്രീകളുടെ ഈ സാഹസിക പ്രവൃത്തി വാര്‍ത്തകളില്‍ വന്നതോടെ എല്ലാവരുടേയും ശ്രദ്ധ അധികാരികളിലേക്കാണ്.
ഇനിയെങ്കിലും ഇവിടുത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ അവര്‍ മുന്‍കൈയ്യെടുക്കുമോ എന്നാണ് എല്ലാവരും നോക്കുന്നത്.