കട്ടപ്പന: ദളിത് കുടുംബത്തെ കുടിയിറക്കി വീടു കൈയേറി ഓഫീസാക്കിയ സിപിഎം നടപടിക്കു തിരിച്ചടി. മുരുക്കടിയൽ സിപിഎം പ്രാദേശിക നേതൃത്വം നടത്തിയ നടപടിക്കെതിരെ പാർട്ടി ജില്ലാനേതൃത്വം നിലപാടു സ്വീകരിച്ചതോടെയാണ് വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന പാർട്ടി ബോർഡ് മാറ്റി വീടൊഴിഞ്ഞുകൊടുത്തത്.
വർഷങ്ങളായി വീട്ടിൽ താമസിച്ചിരുന്ന ലക്ഷ്മിവിലാസത്തിൽ മാരിയപ്പൻ, ഭാര്യ ശശികല, ഇവരുടെ മൂന്നരയും രണ്ടും വയസുള്ള പെണ്‍കുട്ടികളേയും ഇറക്കിവിട്ടാണ് സിപിഎം വീടു കൈയടക്കിയത്. മാരിയപ്പന്റെ ബന്ധു മുത്തു (മുഹമ്മദ് സൽമാൻ) വീടിനു അവകാശം ഉന്നയിച്ചതോടെയാണ് പാർട്ടി ഇടപെട്ട് വീട്ടിൽ താമസിച്ചിരുന്നവരെ ഇറക്കിവിട്ടത്. കുടുംബം കുമളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം വിവാദമായതോടെ സിപിഎം ഓഫീസ് ഒഴിഞ്ഞെങ്കിലും മുത്തുവിനെ വീട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. മാരിമുത്തുവിനും കുടുംബത്തിനും ഒരു സിപിഐ അനുഭാവിയുടെ വീട്ടിൽ അഭയംനൽകി. സംഭവത്തിൽ നാലു സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി -വർഗ കമ്മീഷൻ ജില്ലാ കളക്ടറോടും പോലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.