കൽപ്പറ്റ: 1999ലെ കെഎസ്ടി നിയമം അനുസരിച്ച് (കേരള റസ്ട്രിക്ഷൻ ഓണ്‍ ട്രാൻസ്ഫർബൈ ആൻഡ് റസ്റ്റൊറേഷൻ ഓഫ് ലാൻഡ്സ് ടു ഷെഡ്യൂൾഡ് ട്രൈബ്സ് ആക്ട്)സർക്കാർ 2011ൽ അനുവദിച്ച ഭൂമി ഇതുവരെയും ലഭിക്കാത്ത ആദിവാസി കുടുംബങ്ങൾ വനത്തിൽ അവകാശം സ്ഥാപിച്ച് കുടിൽ നിർമാണം തുടങ്ങി. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽപ്പെട്ട വാകേരി രണ്ടാം നന്പർ തേക്കുതോട്ടത്തിലാണ് കുടിൽ നിർമാണം ആരംഭിച്ചത്. ഇരുളം, കൃഷ്ണഗിരി വില്ലേജുകളിൽ ഭൂമി അനുവദിച്ചതിൽ കുറുമ വിഭാഗത്തിൽപ്പെട്ട 10 കുടുംബങ്ങൾ ഇന്നലെ വനത്തിൽ അവകാശം സ്ഥാപിച്ചു കുടിൽ കെട്ടി.
അടുത്ത ദിവസങ്ങളിലായി കൂടുതൽ കുടുംബങ്ങൾ കുടിലുകൾ നിർമിക്കുമെന്നാണ് വിവരം. വയനാട് ആദിവാസി കൂട്ടായ്മ രക്ഷാധികാരി കലൂർ കേശവൻ, ചെയർമാൻ അനന്തൻ ആവയൽ, കണ്‍വീനർ ജനാർദനൻ മഞ്ഞളംകൈത എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് പട്ടികവർഗ കുടുംബങ്ങൾ വനത്തിൽ പ്രവേശിച്ചു കുടിൽ നിർമാണം തുടങ്ങിയത്.
2011ൽ അനുവദിച്ചു കൈവശരേഖ നൽകിയ ഭൂമിയിൽ കൃഷിയിറക്കുകയോ താമസിക്കുകയോ ചെയ്യാത്തതിന്റെ കാരണം വില്ലേജ് ഓഫീസിൽ ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം തുടർനടപടി സ്വീകരിക്കുമെന്നും കാണിച്ചു ജില്ലയിൽ നിരവധി ആദിവാസി കുടുംബങ്ങൾക്കു നോട്ടീസ് ലഭിച്ചു. സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ(ഭൂപരിഷ്കരണം) കാര്യാലയത്തിൽനിന്നുള്ള നോട്ടീസ് വില്ലേജ് ഓഫീസുകൾ മുഖേനയാണ് ആദിവാസിക കുടുംബങ്ങൾക്കു ലഭിച്ചത്.
ഈ സഹാചര്യത്തിലാണ് വനത്തിൽ അവകാശം സ്ഥാപിച്ചു കുടിലുകൾ കെട്ടുന്നതിനു വയനാട് ആദിവാസി കൂട്ടായ്മ നേതൃത്വം നൽകുന്നതെന്നു കലൂർ കേശവൻ പറഞ്ഞു. അന്യാധീനപ്പെട്ടതിനു പകരം ഭൂമി ആദിവാസി കുടുംബങ്ങൾക്കു ലഭ്യമാക്കുന്നതിനു കൊണ്ടുവന്നതാണ് കെഎസ്ടി നിയമം. അന്യാധീനപ്പെട്ട ഭൂമി ആദിവാസികൾക്കു വീണ്ടെടുത്തു നൽകുന്നതിനു 1975ൽ കൊണ്ടുവന്ന നിയമം നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു പുതിയ നിയമനിർമാണം. ഇതുപ്രകാരം 600ൽ പരം ആദിവാസി കുടുംബങ്ങൾക്കു പകരം ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവായി.
എന്നാൽ പല കുടുംബങ്ങൾക്കും കൈവശരേഖ ലഭിച്ചില്ല. കൈവശരേഖ നൽകിയ കടുംബങ്ങളിൽ ഭൂരിപക്ഷത്തിനും സ്ഥലം എതെന്നു ചൂണ്ടിക്കാട്ടുകയോ ചൂണ്ടിക്കാട്ടുകയോ അളന്നുതിരിച്ചുകൊടുക്കുകയോ ചെയ്തില്ല. പകരം ഭൂമി അനുവദിച്ച കാര്യം നോട്ടീസ് കിട്ടിയപ്പോൾ മാത്രം അറിഞ്ഞ കുടുംബങ്ങളും നിരവധിയാണ്. വില്ലേജും സർവേ നന്പരും ഭൂമിയുടെ അളവും ഉൾപ്പെടെ വിവരം ഉൾപ്പെടുത്തിയ നോട്ടീസാണ് ആദിവാസി കുടുംബങ്ങൾക്കു ലഭിച്ചത്.
നോട്ടീസ് കിട്ടിയതിൽ ഉൾപ്പെട്ടവരാണ് വാകേരി രണ്ടാം നന്പർ തേക്കുതോട്ടത്തിൽ കുടിൽ കെട്ടിയത്. ഒന്‍പതു വർഷം മുന്‍പ് അനുവദിച്ച ഭൂമി അർഹതപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും കിട്ടി എന്നു ഉറപ്പുവരുത്തുന്നതിൽ വീഴ്ചവരുത്തിയ ഭരണകൂടം ഇപ്പോൾ നോട്ടീസ് അയച്ചത് ആദിവാസി വഞ്ചനയുടെ മറ്റൊരു ഉദാഹരണമാണെന്നു അവർ കുറ്റപ്പെടുത്തി.