ന്യൂഡൽഹി: കുടിശികവരുത്തിയ കന്പനികൾക്കെതിരേ ത്വരിത നടപടി എടുക്കുന്നതിനു തടസം. കഴിഞ്ഞവർഷം ഫെബ്രുവരി 12നു റിസർവ് ബാങ്ക് ഇറക്കിയ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. ഈ ഉത്തരവിനെ മറികടക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കും.
2000 കോടി രൂപയിൽ കൂടുതൽ വായ്പയുള്ള കന്പനികൾ ഒരു ദിവസമെങ്കിലും കുടിശികവരുത്തിയാൽ അവരെ കുടിശികക്കാരായി പ്രഖ്യാപിക്കുകയും ആറുമാസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കാൻ നടപടി എടുക്കുകയും പരിഹാരമുണ്ടായില്ലെങ്കിൽ പാപ്പർ നടപടികൾ തുടങ്ങുകയും ചെയ്യാനാണ് ആ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്നത്.
ഇതേത്തുടർന്ന് 70ലേറെ കന്പനികളുടെ കേസുകൾ പാപ്പർചട്ട (ഇൻസോൾ വെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്) പ്രകാരമുള്ള നടപടികളിലേക്കു നീങ്ങി. 3.8 ലക്ഷം കോടി രൂപയുടെ കടക്കുടിശികയാണ് ഈ കന്പനികൾ വരുത്തിയത്.
സുപ്രീംകോടതിവിധിയോടെ ഈ നടപടികളൊന്നും നിലനിൽക്കില്ലെന്നായി. ഊർജകന്പനികളാണു റിസർവ് ബാങ്ക് നിർദേശത്തിനെതിരേ കേസ് കൊടുത്തത്. പരിസ്ഥിതി അനുമതി, കൽക്കരി ലഭ്യത തുടങ്ങിയ പ്രശ്നങ്ങൾ മൂലം നിർമാണം പൂർത്തിയാക്കാനോ ഉത്പാദനം തുടങ്ങാനോ പറ്റാത്ത ഊർജ കന്പനികൾ ഡസൻ കണക്കിനാണ്. 3.8 ലക്ഷം കോടി രൂപയുടെ കുടിശികയിൽ 54 ശതമാനവും ഊർജ കന്പനികളുടേതാണ്.
സുപ്രീംകോടതിവിധി കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങൾക്കു വലിയ തിരിച്ചടിയാണ്. പത്തുലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങളാണ് ഇപ്പോൾ ഇന്ത്യയിലെ ബാങ്കുകൾക്ക് ഉള്ളത്. ഇതിൽ സിംഹഭാഗവും പൊതുമേഖലാ ബാങ്കുകളുടേതാണ്.
ബാങ്കുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർത്തുന്ന കിട്ടാക്കട പ്രശ്നം പരിഹരിക്കാൻ വഴിതെളിയുന്നില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുശേഷം ഗുരുതര പ്രതിസന്ധി ഉടലെടുക്കും. ധനമന്ത്രാലയം ഇതേപ്പറ്റി തിരക്കിട്ട ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
പാപ്പർ ചട്ടപ്രകാരമുള്ള നടപടികൾ തുടരാൻ ഗവൺമെന്റ് ബാങ്കുകൾക്കു നിർദേശം നൽകുമെന്നാണു സൂചന. ഒപ്പം കന്പനികൾ പണം തിരിച്ചടയ്ക്കാൻ വഴി നിർദേശിച്ചുവന്നാൽ അതു പരിഗണിക്കാനും സംവിധാനം ഉണ്ടാക്കും. റിസർവ് ബാങ്കിന്റെ വിജ്ഞാപനമനുസരിച്ചു പാപ്പർ നടപടി തുടങ്ങിവച്ചാൽ പിന്നെ വിട്ടുവീഴ്ചയ്ക്കോ ഒറ്റത്തവണ തീർപ്പാക്കൽപോലുള്ള പരിപാടികൾക്കോ പഴുതില്ലായിരുന്നു.