തിരുവല്ല: അസാധാരണമായ വരൾച്ചയിൽ കുടിവെള്ളം കിട്ടാക്കനിയായതോടെ ജലവിതരണ സംഘങ്ങളും സജീവമായി. ജലവിതരണത്തിന് കർശന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയെങ്കിലും നാട്ടിലെ ജലക്ഷാമം പരിഹരിക്കാൻ അധികൃതരുടെ സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് മാഫിയസംഘങ്ങൾ സജീവമാകാൻ പ്രധാന കാരണം.
ടാങ്കുകളിൽ എത്തുന്ന വെള്ളത്തിന് ലിറ്റർ ഒന്നിന് മൂന്നു രൂപ വരെയാണ് ഈടാക്കുന്നത്. ഇത്തരം വെള്ളം എവിടെനിന്ന് ശേഖരിക്കുന്നതാണെന്ന് പോലും ഉപഭോക്താക്കൾക്ക് അറിയാൻ കഴിയുന്നില്ല. പലപ്പോഴും നദികളിൽ നിന്ന് വെള്ളം പന്പ് ചെയ്ത് ടാങ്കുകളിൽ എത്തിച്ചാണ് വിതരണം. നദികളിൽ വെള്ളം വറ്റിയതോടെ വെള്ളത്തിൽ മാലിന്യത്തിന്റെ അളവ് കൂടുതലാണ്.
നീരൊഴുക്ക് ഇല്ലാത്തതിനാൽ മാലിന്യങ്ങൾ കെട്ടി കിടക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ആവശ്യക്കാർക്കായി മാഫിയാ സംഘങ്ങൾ വീടുകളിൽ എത്തിക്കുന്നതെന്ന് പറയുന്നു. 4000 ലിറ്ററിന്റെ ടാങ്കുകളിലാണ് കൂടുതലായും ജലം എത്തിക്കുന്നത്.
ഇത്തരം ഒരു ടാങ്ക് വെള്ളം കച്ചവടം ചെയ്താൽ 12000 രൂപയാണ് ഇവരുടെ പെട്ടിയിൽ വീഴുക. ടാങ്കുകളിൽ കൊണ്ടുവരുന്ന വെള്ളം വീടുകളുടെ കിണറ്റിലാണ് സംഭരിക്കുന്നത്. ഇതുമൂലം വെള്ളത്തിന്റെ അളവ് നിർണയിക്കാൻ വീട്ടുകാർക്ക് കഴിയുന്നതുമില്ല.
വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണമേൻമ തദ്ദേശസ്ഥാപനങ്ങൾ പരിശോധിക്കണമെന്നാണ് നിർദേശം. എന്നാൽ ഇതിനുള്ള സാവകാശം ലഭിക്കുന്നില്ല. അധികൃതരിലേറെയും തെരഞ്ഞെടുപ്പ് ജോലിയുടെ തിരക്കിലായതിനാൽ ജലവിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തുന്നതുമില്ല.