മുക്കം: കുടിവെള്ള പദ്ധതി നിർമാണം പാതിവഴിയിൽ നിലച്ചതോടെ മുക്കം നഗരസഭയിലെ തടപ്പപറമ്പ് പ്രദേശവാസികളുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഒരൊറ്റ കുടിവെള്ള പദ്ധതിയാണ് ഇവിടെ ഉണ്ടായിരുന്നത്. വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശം കൂടിയാണിത്. ഇതിനിടെയാണ് എസ്സി ഫണ്ടിൽ നിന്നനുവദിച്ച 50 ലക്ഷം രൂപയ്ക്ക് അഗസ്ത്യൻമുഴി തടപ്പറമ്പിൽ പുതിയ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി ഇരുവഴിഞ്ഞിപ്പുഴയോരത്ത് കിണറും പമ്പ് ഹൗസും നിർമിച്ച് തടപ്പറമ്പിലെ ടാങ്കിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പും സ്ഥാപിച്ചു. വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് സ്ഥാപിക്കാൻ നല്ല രണ്ടു റോഡുകൾ വെട്ടിപ്പൊളിക്കുകയും ചെയ്തു. തടപ്പറമ്പ് ഐഎച്ച്ഡിപി റോഡും തടപ്പറമ്പ് കാപ്പുമല റോഡുമാണ് പ്രവൃത്തിയ്ക്കായി വെട്ടിപ്പൊളിച്ചത്. ഇതിനിടെ സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി നിർത്തിവയ്ക്കാൻ വാട്ടർ അതോറിയിലെ എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞതോടെ പ്രവൃത്തി പാതിവഴിയിലായി. കഴിഞ്ഞ ആറു മാസത്തിലേറെയായി പ്രവൃത്തി നിർത്തി വച്ച നിലയിലാണ്.
ഇതോടെ കുടിവെളളം മാത്രമല്ല, സഞ്ചാരയോഗ്യമായ റോഡുമില്ലാത്ത അവസ്ഥയിലാണ് നാട്ടുകാർ. മുക്കം നഗരസഭയിലെ പത്താം ഡിവിഷനിലെ തടപ്പറമ്പിലുള്ള 85 കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥ മൂലം ഇപ്പോൾ ദുരിതത്തിലായത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുടിവെള്ള പദ്ധതിയിലൂടെയാണ് 200 ഓളം കുടുംബങ്ങൾക്ക് വെള്ളം വിതരണം ചെയ്തിരുന്നത്. ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ ഉയർന്ന പ്രദേശങ്ങളിലുള്ള വീട്ടുകാർക്ക് വെള്ളം കിട്ടാത്ത അവസ്ഥയായി. ഈ പ്രശ്നം പരിഹരിക്കാനാണ് തടപ്പറമ്പിലെ 85 കുടുംബങ്ങൾക്കായി 50 ലക്ഷം രൂപ ചെലവിൽ കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്തത്.
25 ലക്ഷം രൂപ ചെലവിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി, ജല വിതരണത്തിനുള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനിടെയാണ് പ്രവൃത്തി നിർത്തിവച്ചത്. നാലിഞ്ച് വ്യാസമുള്ള പൈപ്പാണ് സ്ഥാപിച്ചത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള പദ്ധതിക്കായി ഇരുവഴിഞ്ഞി പുഴയോരത്ത് കിണറും പമ്പ് ഹൗസും നിർമിച്ചത്. നിർമാണം പൂർത്തിയായി ഒന്നര വർഷം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയങ്ങളിൽ കിണർ വെള്ളത്തിനടിയിലായി.
കോൺക്രീറ്റ് സ്ലാബ് കൊണ്ടഉമൂടിയ കിണറിന് അരികിൽ, പുഴയിലേക്ക് ഇറങ്ങാൻ നിർമിച്ച സ്റ്റെപ്പ് പൊട്ടിയ നിലയിലാണ്. പുഴയോരത്ത് സുന്ദരമായി നിർമിച്ച പമ്പ് ഹൗസ് പ്രവർത്തനമാരംഭിക്കാത്തതിനാൽ രാത്രിയിൽ സമൂഹ വിരുദ്ധരുടെ താവളമാണിവിടം. പദ്ധതിയ്ക്കായി തടപ്പറമ്പ് മലയിൽ നിർമിക്കുന്ന ടാങ്കിന്റെ നിർമാണവും എങ്ങുമെത്തിയിട്ടില്ല. കരിങ്കല്ലുകൊണ്ട് അടിത്തറ കെട്ടി കോൺക്രീറ്റ് ബെൽറ്റ് നിർമിക്കാൻ പലകയടിച്ച നിലയിലാണ്.
ടാങ്ക് നിർമാണത്തിന് കൊണ്ടുവന്ന മെറ്റൽ ഉൾപ്പെടെയുള്ള വസ്തുക്കൾ കാടുമൂടി. നിർമാണ ആവശ്യങ്ങൾക്ക് വെള്ളം സംഭരിക്കാൻ കൊണ്ടുവന്ന ചെറിയ ഇരുമ്പ് ടാങ്കുകളിൽ വെള്ളം നിന്ന് കൂത്താടി നിറഞ്ഞ അവയിലാണ്. വെള്ളമെത്തിക്കാനും വിതരണം ചെയ്യാനുമുള്ള ഇരുമ്പ് പൈപ്പുകൾ ടാങ്കിന് തൊട്ടടുത്ത് വരെ എത്തിച്ചിട്ടുണ്ട്.