കയ്പമംഗലം: തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി ശുദ്ധജലവിതരണ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നാളെ നടക്കും. കിഫ്ബി സഹായത്തോടെ 81.61 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുക.
ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെ ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ പഞ്ചായത്തുകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
ഈ പഞ്ചായത്തുകൾ തീരദേശമേഖലകളിലുൾപ്പെടുന്നതും, കുടിവെള്ളക്ഷാം രൂക്ഷമായ പഞ്ചായത്തുകളുമാണ്. ഈ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക ലക്ഷ്യമിട്ട് 1990 ൽ സ്ഥാപിച്ച 20 ദശലക്ഷം ലിറ്റർ പ്രതിദിന സ്ഥാപിതശേഷിയുള്ള ഒരു പദ്ധതിയുടെ രണ്ടാഘട്ട നിർമാണ നടക്കുക.
നിലവിലെ 20 ദശലക്ഷമുള്ള പദ്ധതിയോടൊപ്പം 26 ദശലക്ഷം ലിറ്റർ കുടിവെള്ള പദ്ധതികൂടി പൂർത്തിയാകുന്പോൾ 46 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാമെന്നും മേഖലയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
കരുവന്നൂർ പുഴയിൽ നിന്നാണ് പദ്ധതിക്കായി വെള്ളം കൊണ്ടുവരുന്നത്. പുഴയിൽ നിന്ന് വെളളാനിയിൽ നിലവിലെ ജല ശുദ്ധീകര ണശാലയ്ക്കു സമീപം സ്ഥാപിക്കുന്ന ശുദ്ധീകരണശാലയിൽ എത്തിക്കുന്ന വെള്ളമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
നിലവിലെ 20 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയും നവീകരിക്കും. നാളെ ഉച്ചക്കു12 ന് ചെന്ത്രാപ്പിന്നി പെരുന്പടപ്പ് ജിഎൽപി സ്കൂളിൽ ഓണ്ലൈനായി നടക്കുന്ന ചടങ്ങിൽ ജല വിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിക്കും.
ഇ.ടി.ടൈസണ്മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. എംപിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹ്നാൻ, എംഎൽഎമാരായ ഗീത ഗോപി, കെ.യു.അരുണൻ, മുരളി പെരുനെല്ലി, കെ.വി.അബ്ദുൾ ഖാദർ എന്നിവരും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഇ.ടി. ടൈസണ് മാസ്റ്റർ എംഎൽഎ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ഇ ടി.എ.ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.