പത്തനാപുരം: പട്ടാഴി ശരണംമുകൾ നിവാസികൾക്ക് വേനലെന്നാൽ ദുരിതകാലമാണ്. ജലം കിട്ടാക്കനി. കിലോമീറ്റർ അപ്പുറം കല്ലടയാറിൽ നിന്നു വരെ ദിനവും വാഹനങ്ങൾ വിളിച്ച് ജലം കൊണ്ടുവരികയാണ് പ്രദേശവാസികൾ.എന്തെങ്കിലും വിശേഷങ്ങൾ വീടുകളിൽ നടന്നാൽ ആയിരങ്ങൾ മുടക്കി ജലം പുറത്തുനിന്ന് എത്തിക്കേണ്ട ഗതികേടിലാണ് വീട്ടുകാർ.
കനാൽ ജലവിതരണ സംവിധാനം ഈ മലയോര മേഖലയിൽ ലഭ്യമല്ലാത്തതിനാൽ കൃഷിയിടങ്ങൾ വരണ്ടുണങ്ങി കൃഷി നശിച്ചിട്ട് കാലമേറെയായി. വേനൽ തുടങ്ങിയതോടെ തന്നെ കിണറുകൾ വറ്റിവരണ്ടു ഉപയോഗ ശൂന്യമായി.
നിരന്തര ആവശ്യത്തെ തുടര്ന്ന് പഞ്ചായത്തംഗത്തിന്റെ പരിശ്രമത്താൽ പുറത്തു നിന്നും വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കു നിത്യാവശ്യത്തിനുള്ള ജലം ലഭിക്കുന്നില്ല.
കുടിവെള്ള പദ്ധതികൾക്ക് ജനങ്ങൾ അപേക്ഷ സമർപ്പിച്ചെങ്കിലും കുന്നിന് പ്രദേശമായതിനാൽ പദ്ധതികൾക്ക് കാലതാമസം നേരിടും.മറ്റു കുടിവെള്ള പദ്ധതികളെ ശരണം മുകളുമായി ബന്ധിപ്പിക്കാനും ശ്രമം നടന്നു വന്നിരുന്നു. എന്നാൽ ഭാരിച്ച ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ഈ അവസരത്തിൽ പ്രദേശവാസികൾ ജനകീയ പരിഹാരവുമായി രംഗത്തെത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മീനം രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ശരണം മുകൾ വാസികളുടെ കുടുംബ കൂട്ടായ്മയിൽ ജല ലഭ്യതക്കായി തദ്ദേശിയ പദ്ധതികൾ ചർച്ച ചെയ്യുകയും,പൊതു അഭിപ്രായത്തിൽ ജലലഭ്യതയുള്ള സ്ഥലത്ത് പ്രദേശവാസികൾക്ക് സ്വന്ത പരിശ്രമത്താൽ ഒരു കുളം എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.
ഇതിനായി അക്വഡേറ്റ് എൻജിനീയർ ശ്രീലേഖയുടെ നിയന്ത്രണത്തിൽ ഗിരിജാകുമാരിയെ കൺവീനറാക്കി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശ വാസികളുടെയും, വിവിധ രാഷ്ട്രീയ, കുടുംബശ്രീ, യുവജന, സേവന സംഘടനകൾ എന്നിവയുടെ പിന്തുണയോട് കൂടി രാവും, പകലും വിശ്രമമില്ലാതെ പ്രവൃത്തിച്ച് കുളം നിർമാണം ആരംഭിച്ചത്.
നിർമാണം അവസാന ഘട്ടത്തിലാണ്. വിവിധ രാഷ്ട്രീയ, സംഘടനാ നേതാക്കളായ സുരായി, കൃഷ്ണകുമാർ, ഹരികുമാർ, ഹരിഹരൻ, കലാധരൻ, ബദറുദീൻ എന്നിവർ പദ്ധതിക്കായി വേണ്ടുന്ന മേൽനോട്ടവും മറ്റ് സഹായങ്ങളും നൽകുന്നു. കൂടാതെ കുടിവെള്ള പദ്ധതിക്കായി ശരണം മുകളിൽ പഞ്ചായത്ത് ചെലവിൽ വലിയ ടാങ്കും സ്ഥാപിച്ചു കഴിഞ്ഞു.
കുളത്തിൽ നിന്ന് ജലം പമ്പ് ചെയ്ത് ടാങ്കിലെത്തിക്കുകയും, അവശ്യാനുസരണം ജനങ്ങൾക്കായി വിതരണം ചെയ്യാനുമാണ് അടുത്ത നടപടി. ഈ സ്വാശ്രയ പദ്ധതിയുടെ വിജയത്തോടെ ശരണം മുകളിലെ കുടിവെള്ള ക്ഷാമത്തിന് ഒരളവുവരെ പരിഹാരമാവും.