ചിങ്ങവനം: കെഎസ്ഇബി കുഴിയെടുത്ത് മുറിച്ചിട്ട ശുദ്ധജല വിതരണ പൈപ്പുകൾ കൂട്ടിയോജിപ്പിക്കാതെ മണ്ണിട്ട് പോയതായി പരാതി. മാവിളങ്ങ്- ബുക്കാനാ റോഡിൽ നിർമിതി കോളനിയിലേക്കുള്ള വഴിയിലെ നിരവധി പൈപ്പുകളാണ് ഇത്തരത്തിൽ മുറിച്ചത്.
മഴ പെയ്താൽ മണ്ണും ചെളിയും പൈപ്പിനുള്ളിലേക്കു കയറി നിറയുന്ന അവസ്ഥയിലാണിപ്പോൾ. ഇവിടെയുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മാറ്റുന്നതിനാണ് കുഴിയെടുത്തത്.
കുഴിയെടുത്തപ്പോൾ വാട്ടർ അഥോറിറ്റിയുടേയും നഗരസഭയുടെ ശുദ്ധജല വിതരണ പൈപ്പുകളും മുറിച്ചു മാറ്റി. പിന്നിട് മുറിച്ചിട്ട പൈപ്പുകൾ യോജിപ്പിക്കാതെ മണ്ണിടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇന്നു രാവിലെ പന്പ് ചെയ്ത നഗരസഭയുടെ വെള്ളം പൈപ്പിലൂടെ പുറത്തേക്ക് ഒഴുകിയതിനാൽ ഉടൻതന്നെ വാൽവ് അടയ്ക്കേണ്ടതായും വന്നു. വാട്ടർ അഥോറിറ്റി വെള്ളം വരുന്നതോടെ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന അവസ്ഥയുമാണ്.
കൂടാതെ പൈപ്പിനുള്ളിലേക്ക് വലിയ തോതിൽ മണ്ണും ചെളിയും കയറുകയും ചെയ്യുന്നതോടെ, പിന്നീട് പൈപ്പ് യോജിപ്പിച്ചാലും നാട്ടുകാരുടെ ദുരിതം മാറുകയില്ല.
അടിയന്തരമായി മുറിച്ചിട്ട പൈപ്പുകൾ കൂട്ടിയോജിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.