പൊൻകുന്നം: പൊൻകുന്നത്ത് കുടിവെള്ള പൈപ്പ് തീയിട്ട് കത്തിച്ച നിലയിൽ. ചിറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡിന്റെ സ്വപ്ന പദ്ധതിയായ ആനക്കയം – മഞ്ഞാവ് റോഡ് അരികിലെ കുടിവെള്ള പൈപ്പാണ് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്.
ഇന്നലെ രാത്രി പത്തോടെ റോഡിലൂടെ നടന്നുപോയവരാണ് സംഭവം കണ്ടത്. പൈപ്പിൽ പെട്രോൾ ഒഴിച്ച് തീയിട്ടതാകാമെന്ന് കരുതുന്നു. വിവരം അറിഞ്ഞ് പൊൻകുന്നം പോലീസും പഞ്ചായത്തംഗം മോഹൻ കുമാറും സ്ഥലത്തെത്തി. പത്തു മീറ്റർ പൈപ്പാണ് തീയിട്ട് നശിപ്പിച്ചത്.
ജൂണ്‍ മാസത്തോടെ പണി പൂർത്തിയാക്കി കുടിവെള്ള വിതരണം നടത്താനായിരുന്നു പദ്ധതി. ആനക്കയത്തെ കുളത്തിൽ നിന്നും മഞ്ഞാവിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് നശിപ്പിച്ചത്. പൊൻകുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.