കറുകച്ചാൽ: റോഡ് ടാർ ചെയ്യാനായി ജെസിബി ഉപയോഗിച്ച് ഇളക്കിയപ്പോൾ പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടിയ വിവരം അറിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ റോഡ് ടാർ ചെയ്തു. ഇപ്പോൾ ടാറിനിടയിലൂടെ വെള്ളം പാഴാകുന്നു.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം വെള്ളം കിട്ടുന്ന നാട്ടുകാർ ഇതുമൂലം തുള്ളി വെള്ളം കിട്ടാതെ വെട്ടിലായി. തകർന്ന പൈപ്പിലൂടെ പ്രതിദിനം പാഴാകുന്നത് ലക്ഷക്കണക്കിനു ലിറ്റർ വെള്ളം.
നെടുംകുന്നം മാർക്കറ്റ്-പന്ത്രണ്ടാംമൈൽ റോഡിലാണ് ജലവിതരണ വകുപ്പിന്റെ പൈപ്പുകൾ പൊട്ടി വൻതോതിൽ വെള്ളമൊഴുകുന്നത്. മാർക്കറ്റ് ജംഗ്ഷൻ മുതൽ ചെറുവള്ളിക്കുന്നു വരെ വിവിധയിടങ്ങളിലായി അഞ്ചിടത്താണു പൈപ്പുകൾ തകർന്നിട്ടുള്ളത്. ഇതിൽ മൂന്നിടങ്ങളിൽ ടാറിംഗിനുള്ളിൽ നിന്നുമാണു വെള്ളം പാഴാകുന്നത്. റോഡ് നവീകരണത്തിന്റ ഭാഗമായി ജെസിബി ഉപയോഗിച്ച് ടാറിംഗ് ഇളക്കിയപ്പോഴാണ് പൈപ്പുകൾ തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
പൈപ്പ് തകർന്ന് വെള്ളം ഒഴുകിയ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. കൂടാതെ തകർന്ന പൈപ്പിന് മുകളിൽ മണ്ണിട്ടു മൂടിയ ശേഷം കരാറുകാരൻ ടാറിംഗ് നടത്തുകയായിരുന്നു. ടാർ ചെയ്ത് ഒരാഴ്ച പിന്നിടുന്നതിന് മുൻപാണ് ടാറിംഗിനിടയിലൂടെ വെള്ളം ഒഴുകുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പ്രദേശത്ത് ജലവിതരണവകുപ്പിന്റെ കുടിവെള്ളം എത്തുന്നത്. എന്നാൽ പൈപ്പ് തകർന്നതിനാൽ വെള്ളം കിട്ടുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മാർക്കറ്റ് പന്ത്രണ്ടാംമൈൽ റോഡ് ടാർ ചെയ്തത്. പൈപ്പ് മാറ്റി പ്രശ്നം പരിഹരിക്കണമെങ്കിൽ പുതിയതായി ചെയ്ത ടാറിംഗ് വീണ്ടും ഇളക്കേണ്ടി വരും. പൈപ്പ് തകർന്നപ്പോൾ തന്നെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ ടാറിംഗ് ഇളക്കേണ്ട സ്ഥിതി ഉണ്ടാവില്ലായിരുന്നു.
ജലവിതരണവകുപ്പ് നെടുംകുന്നം സെക്ഷന്റ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിലെന്നും ഇതിനെതിരെ അധികൃതർക്ക് പരാതി നൽകുമെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ പറഞ്ഞു.