കോതമംഗലം: നഗരമധ്യത്തിൽ മുവാറ്റുപുഴ റോഡിൽ മിൽവോക്കി അക്കാഡമിക്ക് സമീപം വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ഇരുപത് ദിവസത്തിലേറെയാകുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കുടിവെള്ള വിതരണ പൈപ്പിന് കേട്പാട് സംഭവിച്ചതെന്ന് സമീപവാസികൾ പറയുന്നു. ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഇവിടെ ആർക്കും പ്രയോജനമില്ലാതെ ഒഴുകി പാഴായിപ്പോകുന്നത്.
കുടിവെള്ള വിതരണ മെയിൻ പൈപ്പിനാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. കേടായ പൈപ്പ് നന്നാക്കാൻ ഇതുവരെ വകുപ്പും കൂട്ടാക്കിയിട്ടില്ല. പ്രദേശത്ത് വേനൽ മഴ പെയ്തുവെങ്കിലും വറ്റിവരണ്ട കിണറുകളിൽ വെള്ളമായിട്ടില്ല. താലൂക്കിന്റെ പലഭാഗങ്ങളിലും ഇപ്പോഴും കുടിവെള്ളത്തിനായി വാട്ടർ അഥോറിറ്റി മാത്രമാണ് ആശ്രയം.
പൈപ്പുവെള്ളം എത്താത്തിടത്ത് വാട്ടർ അഥോറിറ്റിയും സന്നദ്ധ സംഘടനകളും വാഹനങ്ങളിൽ വെള്ളം എത്തിച്ചു നൽകുന്നതു കൊണ്ടാണ് പ്രശ്നം പരിഹരിച്ച് പോകുന്നത്. പെരിയാറിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാൽ പെരിയാർവാലി കനാലുകളിലൂടെയും ആവശ്യത്തിന് വെള്ളം എത്തിക്കാൻ ഇക്കുറി സാധിക്കുന്നില്ല.
ലോവർ പെരിയാറിലും ഇടമലയാറിലും വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പുറംതള്ളുന്ന വെള്ളം എത്തുമ്പോൾ മാത്രമാണ് ഭൂതത്താൻകെട്ടിൽനിന്നും കനാലുകളിലേക്ക് വെള്ളം തിരിച്ച് വിടാനാകുന്നത്. കോഴിപ്പിള്ളിപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതും പലപ്പോഴും പമ്പിംഗിനുപോലും മുടക്കം വരുന്നുണ്ട്.
ഇത്തരത്തിലെല്ലാം ശുദ്ധജലക്ഷാമം വളരെ രൂക്ഷമായിരിക്കുന്ന സ്ഥിതി നിലനിൽക്കുമ്പോഴാണ് ദേശീയപാതയുടെ ഓരത്ത് നഗരമധ്യത്തിൽ ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം ദിനംപ്രതി പാഴാക്കി കളയുന്നത്. പൊട്ടിയ പൈപ്പ് അടിയന്തരമായി നന്നാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.