ചാത്തന്നൂർ: ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് കുടിവെള്ളപൈപ്പിന് മുകളിൽ. കല്ലിട്ടത് നാട്ടുകാരെ വലയ്ക്കുന്നു. പാരിപ്പള്ളി ജംഗഷനിൽ കഴിഞ്ഞ ദിവസം പാതയോരത്ത്സ്ഥാപിച്ച കല്ലാണ് നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും പാരയായി മാറിയത്. പാതയ്ക്കടിയിലൂടെയുള്ള അടുതല കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിന് മുകളിലാണ് കല്ല് സ്ഥാപിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്.
അന്നു മുതൽ വെള്ളം ശക്തിയായി ചോർന്നൊഴുകി പാരിപ്പള്ളി ദേശീയപാതയോരം വെള്ളച്ചാലായി മാറി.ഇത് മൂലം കാൽനടയാത്ര ഉൾപ്പെടെ ബുദ്ധിമുട്ടിയായി. വെള്ളം പാഴാകുന്ന വിവരം ചാത്തന്നൂർ വാട്ടർഅഥോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കല്ലിൽ തൊടാൻ അവർക്ക് കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് ദേശീയപാതവിഭാഗം ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും വാട്ടർഅതോറിട്ടിവിഭാഗത്തിനെ അറിയിക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. ഇക്കാര്യത്തിൽ നടപടി അകലുന്തോറും കുടിവെള്ളം ലഭിക്കുന്നത് വൈകുമെന്ന വിഷമത്തിലാണ് പരിസരവാസികൾ