കൊച്ചി: പ്രളയക്കെടുതിയിൽനിന്നു കരകയറുന്ന ദുരിതബാധിതരെ ആശങ്കയിലാഴ്ത്തി കുടിവെള്ളക്ഷാമവും. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ പെരിയാറിൽ ജലനിരപ്പ് ആശങ്കാജനകമായി കുറഞ്ഞുവരുന്നതിനു പിന്നാലെ പ്രളയകാലത്ത് കവിഞ്ഞൊഴുകിയ ജലാശയങ്ങളും കിണറുകളുമൊക്കെ വറ്റിത്തുടങ്ങിയതാണു ആശങ്കയ്ക്കു കാരണം.
പ്രളയക്കെടുതിയുടെ നാളുകളിൽ നിറഞ്ഞുകവിഞ്ഞ പല കിണറുകളിലും ഇപ്പോൾ പകുതിയോളംപോലും വെള്ളമില്ലെന്നിരിക്കേ വാട്ടർ അഥോറിറ്റിയുടെ ജലശുദ്ധീകരണ വിതരണ യൂണിറ്റുകളുടെ പ്രവർത്തനം അവതാളത്തിലായതും ശുദ്ധജലക്ഷമത്തിനു കാരണമാകുന്നു. അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ ചെളി പുറത്തേക്ക് ഒഴുക്കിവിട്ടു തുടങ്ങിയതുമൂലം പെരിയാറിലെ വെള്ളത്തിൽ ചെളിയുടെ അളവ് കൂടിയതിനാൽ കഴിഞ്ഞ ദിവസം കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കിയിരുന്നു.
ചെറുതും വലുതുമായ പത്തിലേറെ ജലശുദ്ധീകരണ വിതരണ യൂണിറ്റുകളാണു പെരിയാറിന്റെ തീരങ്ങളിലുള്ളത്. ചെളിയുടെ അളവ് വർധിച്ചതിനെത്തുടർന്ന് പെരിയാറിൽനിന്നു കുടിവെള്ളമെടുത്ത് വിതരണം ചെയ്യുന്ന എല്ലാ പന്പ്ഹൗസുകളുടേയും പ്രവർത്തനം അവതാളത്തിലാകുകയായിരുന്നു. വൃഷ്ടിപ്രദേശത്ത് ദിവസങ്ങളായി പെയ്ത ശക്തമായ മഴയെത്തുടർന്ന് ടണ്കണക്കിനു ചെളിയാണ് ഡാമുകളിൽ അടിഞ്ഞുകൂടിയത്.
വൈദ്യുതി ഉത്പാദനത്തിനു ഉപയോഗിക്കുന്ന വെള്ളത്തിൽ ചെളിയുടെ അളവ് കൂടിയത് പവർഹൗസുകളുടെ പ്രവർത്തനത്തേയും ബാധിച്ചു. ഡാമുകളിൽനിന്ന് ചെളി നീക്കം ചെയ്തശേഷമേ വൈദ്യുതി ഉത്പാദനം സാധാരണ നിലയിലേക്ക് എത്തിക്കാനാകൂ. ഇതിന്റെ ഭാഗമായി പവർഹൗസിലെ ടണലുകളിൽ അടിഞ്ഞുകൂടിയ ചെളി ലോവർഗേറ്റ് വഴി ശനിയാഴ്ച മുതൽ പുറത്തേക്ക് ഒഴുക്കിവിട്ടു തുടങ്ങി.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇതു പെരിയാറിലൂടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിലെത്തിയത്. വെള്ളത്തിൽ 20 എൻടിയുവിൽ കൂടുതൽ ചെളിയുടെ അളവുവന്നാൽ ശുദ്ധീകരണം നിർത്തിവയ്ക്കണമെന്നാണ്. ഞായറാഴ്ച ഇത് അൻപത് എൻടിയുവിൽ വരെ എത്തിയതിനാൽ മണിക്കൂറുകൾ കുടിവെള്ള വിതരണം നിർത്തിവയ്ക്കേണ്ടിവന്നു. ഇതോടെ കൊച്ചി നഗരസഭ ഉൾപ്പടെ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെട്ടിരുന്നു.
പെരിയാറിലെ ജലനിരപ്പ് താഴുന്നുവരുന്നതും ജില്ലയിലെ കുടിവെള്ള വിതരണത്തെ ബാധിക്കും. ജില്ലയിലെ പ്രധാന കുടിവെള്ള ശുദ്ധീകരണ വിതരണ യൂണിറ്റായ ആലുവ പന്പ് ഹൗസിൽനിന്ന് ദിവസേന 290 എംഎൽഡി വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നുണ്ട്.
പുഴയിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ പന്പിംഗും കുറയ്ക്കേണ്ടിവരും. ഇതുമൂലം വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ടാകും. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നതിനാൽ കുടിവെള്ളം ഉപയോഗിക്കുന്നതിൽ ജാഗ്രതയും മിതത്വവും പാലിക്കണമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.