എലപ്പുള്ളി: എലപ്പുള്ളി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ തേനാരി ഗവണ്മെന്റ് ഹൈസ്കൂൾ പരിസരത്ത് പീപ്പിൾസ് സർവീസ് സൊസൈറ്റി വാട്ടർഎയ്ഡ് ജലസുരക്ഷാപദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ അന്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി നാടിന് സമർപ്പിച്ചു.
കെട്ടിട മേൽക്കൂരയിൽനിന്ന് മഴവെള്ളം ശേഖരിച്ച് പ്രകൃതിദത്തമായ സാങ്കേതികമായി ശുദ്ധീകരിച്ച് സംഭരണിയിൽ ശേഖരിക്കുന്ന ശുദ്ധജലം കുടിവെള്ളമായും ഭക്ഷണം പാകംചെയ്യുന്നതിനും ഉപയോഗപ്രദമാണ്. മഴകുറഞ്ഞ മാസങ്ങളിൽ സ്കൂൾ കാന്പസിലുള്ള കുഴൽ കിണറിൽനിന്ന് ഓണ്ലൈൻ ക്ലോറിനേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശുചീകരിച്ച വെള്ളം സംഭരിക്കുന്നതിനും ടാങ്ക് ഫലപ്രദമായി ഉപയോഗിക്കും.
മുന്നൂറ്റി ഇരുപത് കുട്ടികൾക്കും അധ്യാപകർക്കും പതിനഞ്ചാം വാർഡിലെ പരിസരവാസികൾക്കും സംഭരണി ഉപയോഗപ്രദമാകും. പതിനഞ്ചാം വാർഡ് മെന്പർ ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എസ് എസ്പി. ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ മുഖ്യാഥിതിയായിരുന്നു.
കോ-ഓർഡിനേറ്റർ കെ.ഡി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സുരേഷ്, പതിനാലാം വാർഡ് മെന്പർ സുരേഷ്, ഹെഡ്മിസ്ട്രസ് റീന എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ കുമാരസ്വാമി നന്ദി പറഞ്ഞു. അധ്യാപകർ, രക്ഷിതാക്കൾ, ജലസുരക്ഷാ പദ്ധതി സമിതി ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ഒരുലക്ഷം, അന്പതിനായിരം, പതിനായിരം എന്നിങ്ങനെ മൊത്തം എഴുപത്തിയാറ് ലിറ്റർ സംഭരണശേഷിയുള്ള മുപ്പത്തിയെട്ട് ശുദ്ധജല സംഭരണികളാണ് പുതുശേരി, എലപ്പുള്ളി പഞ്ചായത്തുകളിൽ ഈ സാന്പത്തിക വർഷത്തിൽ ജലസുരക്ഷാ പദ്ധതിയിലുൾപ്പെടുത്തി പി.എസ്എസ്പി. പൂർത്തിയാക്കിയിട്ടുള്ളത്. കൂടാതെ 259 കിണറുകൾ മഴക്കൊയ്ത്തിലൂടെ നിറച്ചിട്ടുണ്ട്.
ജനകീയ ശുദ്ധജല വിതരണപദ്ധതികളും ഗാർഹിക മാലിന്യ സംസ്കരണ പരിപാടികളും അടുത്ത സാന്പത്തിക വർഷത്തിലും തുടരുമെന്ന് ജലസുരക്ഷാപദ്ധതി കോ-ഓർഡിനേറ്റർ കെ.ഡി.ജോസഫ് അറിയിച്ചു. ബാബുപോൾ, ജാൻസി മത്തായി, അജിത, അക്ഷയ്, സ്റ്റെഫി തുടങ്ങിയവർ നേതൃത്വം നല്കി.