കടുത്തുരുത്തി: കുടിവെള്ളവിതരണത്തിനായി ലക്ഷങ്ങൾ ചിലവഴിച്ചു പഞ്ചായത്ത് നിർമിച്ച കുളവും മോട്ടോർപുരയും ടാങ്കുമെല്ലാം നോക്കുകുത്തിയായി. കടുത്ത വേനലിൽ വെള്ളം കിട്ടാതെ നാട്ടുകാർ വലയുന്നു. തിരുവന്പാടി ലക്ഷംവീട് കോളനിയിലും പരിസരപ്രദേശങ്ങളിലുമെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമെന്ന് പരാതി.
കോളനിവാസികൾക്കും സമീപവാസികളായ പതിനഞ്ചോളം കുടുംബങ്ങൾക്കും കുടിവെള്ളം എത്തിച്ചിരുന്ന പഞ്ചായത്തുവക കുടിവെള്ള പദ്ധതിയിലൂടെ 2017 ഫെബ്രുവരി മുതൽ ജലവിതരണം നടക്കുന്നില്ലെന്നും ഇവിടുത്തുകാർ പറയുന്നു. കുടിവെള്ള പദ്ധതിക്കായി ഭൂതപാണ്ടൻചിറയിൽ നിർമിച്ച കിണറും മോട്ടോർപുരയും മാലിന്യം നിറഞ്ഞും കാട് മൂടിയും കിടക്കുകയാണ്.
കോളനിയുടെ സമീപത്തായി സ്ഥാപിച്ച വാട്ടർ ടാങ്കും ഉപയോഗശൂന്യമായ നിലയിലാണ്. ലക്ഷംവീട് പുനരുദ്ധാരണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തപ്പോൾ പൈപ്പുലൈനുകൾ പൊട്ടിനശിച്ചതോടെയാണ് കുടിവെള്ള വിതരണം നിലയ്ക്കാൻ ഇടയാക്കിയതെന്നും ഇവർ ചൂണ്ടികാണിക്കുന്നു.
മൂവായിരം രൂപയിലധികം നൽകി പഞ്ചായത്തുവക കുടിവെള്ള കണക്ഷനെടുത്തവർ കുടിവെള്ളം കിട്ടാതെ വലയുകയാണ്. സ്വകാര്യ കുടിവെള്ള ടാങ്കറുകളിൽ നിന്നു പണം കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേടിലാണു നാട്ടുകാർ.
പഞ്ചായത്തുവക പൈപ്പുലൈൻ നന്നാക്കിയാൽ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനു ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്നും ഇവർ പറയുന്നു. നിലവിൽ പഞ്ചായത്ത് കണക്ഷൻ ഉള്ളവർ വെള്ളം ലഭിക്കാതായതോടെ വാട്ടർ അഥോറിറ്റിയുടെ ഹൗസ് കണക്ഷൻ എടുത്തെങ്കിലും ഇതിൽനിന്നും വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
വാട്ടർ അഥോറിറ്റിയുടെ കണക്ഷനെടുക്കാൻ ഏഴായിരത്തോളം രൂപ ചെലവാക്കിയെങ്കിലും സ്ഥിരമായി വെള്ളം ലഭിക്കാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. ഇതേകുറിച്ചു പരാതിപെട്ടാൽ അന്വേഷിക്കാനോ, നടപടിയെടുക്കാനോ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
പല ഭാഗങ്ങളിലും വാട്ടർ അഥോറിറ്റിയുടെ ഹൗസ് കണക്ഷൻ എടുത്തവർ ഈ വെള്ളമുപയോഗിച്ചു കൃഷിയിടങ്ങൾ നനയ്ക്കുകയും കിണറ്റിൽ വെള്ളം സംഭരിക്കുകയും ചെയ്യുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഇക്കാര്യങ്ങളെല്ലാം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തുടർനടപടികൾ വൈകൂകകയാണെന്നും ഉപഭോക്താക്കൾ പറയുന്നു.നു