പടിയൂർ: ഗ്രാമപഞ്ചായത്തിൽ സന്പൂർണ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തു രണ്ടുവർഷം പിന്നിട്ടെങ്കിലും പഞ്ചായത്തിലെ തെക്കൻ മേഖലയിൽ ഇപ്പോഴും കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിന്റെ എട്ട്, ഒന്പതു വാർഡുകളിലാണു കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
പഞ്ചായത്തിന്റെ തെക്കൻ മേഖലകളായ മഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ എന്നിവിടങ്ങളിൽ കുടിവെള്ളത്തിനു ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണെന്നു നാട്ടുകാർ പറഞ്ഞു. ആഴ്ചയിൽ ഒരിക്കൽപ്പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.
2019 ലാണു പടിയൂർ പഞ്ചായത്തിലെ സന്പൂർണ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തത്. എന്നാൽ കാറളത്തുനിന്നു ശക്തമായി വെള്ളം പന്പുചെയ്താൽ മാത്രമേ ഉയർന്ന പ്രദേശങ്ങളായ ഇവിടെ വെള്ളം എത്തൂ. നല്ല ശക്തിയിൽ വെള്ളം തുറന്നുവിട്ടാൽ വാർഡിലെ എല്ലാവർക്കും വെള്ളം കിട്ടും.
രണ്ടുദിവസം അടുപ്പിച്ച് വിട്ടാൽ വാർഡിൽ വെള്ളം എത്തുമെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വർഷങ്ങൾക്കു മുന്പ് മാരാംകുളത്ത് സ്ഥാപിച്ച വാട്ടർ ടാങ്ക് ഇതുവരേയും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
ജില്ലാ പഞ്ചായത്ത് 2005-06 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണു ഉപയോഗശൂന്യമായി നിൽക്കുന്നത്. 2008 ൽ ഇതിന്റെ നിർമാണം പൂർത്തിയായെങ്കിലും ഇതുവരേയും പൈപ്പ് കണക്ഷൻ നൽകിയിട്ടില്ല.
ഉടൻ പ്രവർത്തനം തുടങ്ങണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവും പാലിക്കപ്പെട്ടില്ല. ഇതുസംബന്ധിച്ച പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ഉത്തരവിട്ടിരിക്കുകയാണിപ്പോൾ.
അതേസമയം, മാരാംകുളം പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നു വാട്ടർ അഥോറിറ്റി വ്യക്തമാക്കി. പൈപ്പിടുന്നതിനു പിഡബ്ല്യുഡി അനുമതിക്ക് അപേക്ഷ കൊടുത്തിട്ടുണ്ട്. അതു ലഭിച്ചാൽ ഉടൻതന്നെ പ്രവൃത്തികൾ ആരംഭിക്കുമെന്നും വാട്ടർ അഥോറിറ്റി അറിയിച്ചു.