കൊടുവായൂർ: കുടിവെള്ള ടാപ്പിനരികിലെ മാലിന്യനിക്ഷേപം തടയുന്നതിനു പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന് സമീപവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു. കൊടുവായൂർ-കുഴൽമന്ദം റോഡിൽ വെള്ളം സംഭരണിക്കു താഴെയാണ് പൊതുടാപ്പുകൾ ഉള്ളത്. സ്ഥലത്തെ വ്യാപാരികൾ ഈ ടാപ്പിൽനിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
ചാക്കിൽ കെട്ടിയാണ് പൊതുടാപ്പിനു സമീപം മാലിന്യം നിക്ഷേപിക്കുന്നത്. ഇതുമൂലം ടാപ്പിൽനിന്നും ശേഖരിക്കുന്ന വെള്ളം ഉപയോഗിക്കാൻ കഴിയാത്തവിധം മലിനമാണ്. ആരോഗ്യ സംരക്ഷണത്തിനായി കുടിവെള്ള ശുചിത്വത്തെക്കുറിച്ച് നിരന്തരം ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പും പൊതുജനാരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള മാലിന്യനിക്ഷേപം കണ്ടില്ലെന്നു നടിക്കുന്നതായി ആരോപണമുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ ഇവിടെ ദൂരെദിക്കിൽനിന്നും എത്തുന്നവർ ഈ ടാപ്പിൽനിന്നാണ് കുപ്പികളിൽ വെള്ളം ശേഖരിക്കുന്നത്.