കൊല്ലങ്കോട്: വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സമീപത്തു സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പുകളിൽനിന്നും വെള്ളം ദുരുപയോഗം ചെയ്യുന്നതിനാൽ വാലറ്റങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്നു പരാതി. കൊല്ലങ്കോട് ചീരണി റോഡിൽ വീടിനു സമീപത്തെ പൊതുടാപ്പിൽനിന്നാണ് അഴുക്കുചാലിലൂടെ വെള്ളം ഒഴുകി പാഴാകുന്നത്.
പൊതുടാപ്പിൽ കുടംവച്ച് പൈപ്പ് തിരിച്ചുവിട്ട് വീട്ടിലേക്കു പോകുന്നവർ വെള്ളം ഏറെ പാഴായശേഷമാണ് തിരിച്ചുവരുന്നതെന്നു പരാതിയുണ്ട്. കുടംനിറഞ്ഞ് വെള്ളം പാഴാകുന്നതു കണ്ട് യാത്രക്കാരാണ് മിക്കപ്പോഴും ടാപ്പ് അടയ്ക്കുന്നത്.വെള്ളം പാഴാക്കുന്നതു ചോദ്യംചെയ്യുന്ന യാത്രക്കാരോട് വെള്ളം ശേഖരിക്കുന്നവർ വഴക്കുണ്ടാക്കുന്നതും പതിവാണ്.
കാലവർഷം ആരംഭിച്ചതോടെ കുടിവെള്ളവിതരണ പൈപ്പുകൾവഴി വെള്ളം വാലറ്റപ്രദേശങ്ങളിലേക്ക് എത്താറില്ലെന്നും പരാതിയുണ്ട്.പൊതുടാപ്പുകൾക്ക് ജലഅഥോറിറ്റിക്കു വെള്ളക്കരം അടയ്ക്കുന്നത് ജനങ്ങളുടെ നികുതിവരുമാനത്തിൽനിന്നാണ്. ഈ സാഹചര്യത്തിൽ ജലദുർവിനിയോഗം നടത്തുന്നവർക്കെതിരേ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.