ചിറ്റൂർ: എട്ടുലക്ഷം രൂപ ചെലവഴിച്ച് നഗരസഭ കുടിവെള്ള തടയണ ശുചീകരിച്ചതിൽ അപാകതയുണ്ടെന്നു കൗണ്‍സിലർമാർ. നിലവിൽ തടയണയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്യണമെന്നും വെള്ളത്തിന്റെ ദുർഗന്ധത്തിനു കാരണം ഇതാണെന്നും ഇടതുപക്ഷ കൗണ്‍സിലർമാർ ആരോപിച്ചു. ഇടതുപക്ഷ കൗണ്‍സിലർമാരായ എ.കണ്ണൻകുട്ടി, മണികണ്ഠൻ, പ്രിയ, സുനിത, മുഹമ്മദ് സലീം എന്നിവർ ഇന്നലെ തടയണ പ്രദേശത്ത് പരിശോധന നടത്തി.
നീക്കംചെയ്ത കുളവാഴ മാലിന്യം ശക്തമായ മഴയിൽ വെള്ളത്തിലേക്ക് ഒലിച്ചിറങ്ങിയതാണ് കുടിവെള്ളം മലിനമാകുന്നതിനു കാരണമായത്. മുൻ നഗരസഭാ ചെയർമാന്റെ സേവനകാലത്താണ് കുളവാഴ നീക്കം ചെയ്തത്.എട്ടുലക്ഷം രൂപ ചെലവഴിച്ചിട്ടും പൂർണമായി കുളവാഴ നീക്കാൻ കഴിഞ്ഞിട്ടില്ലെന്നു കൗണ്‍സിലർമാർ ആരോപിച്ചു.
ചിറ്റൂർ-തത്തമംഗലം നഗരസഭയ്ക്കുപുറമേ കൊടുവായൂർ, പുതുനഗരം, പെരുവെന്പ്, പട്ടഞ്ചേരി പഞ്ചായത്ത് പ്രദേശങ്ങൾക്കും പുഴപ്പാലം തടയണയിൽനിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്.പുഴപ്പാലം ജലസംഭരണിയിൽനിന്നും തിങ്കളാഴ്ച നാലുഷട്ടറുകൾ വഴി തടയണയിലേക്കു വെള്ളം തുറന്നുവിട്ടിരുന്നു.
ഇന്നലെ പദ്ധതി പ്രദേശത്ത് മഴപെയ്തതിനാൽ തടയണയിൽ വെള്ളം വർധിച്ചിട്ടുണ്ട്. ഇന്നുരാവിലെ മുതൽ കുടിവെള്ളം പതിവുപോലെ വിതരണം ചെയ്യുമെന്നു കേരള വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.