കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ കുംഭപ്പിള്ളിയിൽനിന്നു കുടിവെള്ളമെന്ന പേരിൽ വിതരണം ചെയ്തിരുന്നതു മലിനജലം. തിരുവാണിയൂരിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കുടിവെള്ളം ശേഖരിക്കുന്ന കിണറ്റിലേക്ക് സമീപത്തെ തോട്ടിലെ ജലം പൈപ്പിട്ട് ഒഴുക്കുന്നത് കണ്ടെത്തി. പച്ചാളം, കുണ്ടന്നൂർ, അന്പലമുകൾ, തൃപ്പൂണിത്തുറ, എളംകുളം, വൈപ്പിൻ മേഖലകളിലേക്ക് ഈ കിണറ്റിൽനിന്നുള്ള കുടിവെള്ളം ടാങ്കർ ലോറികളിൽ എത്തിച്ചിരുന്നു.
ദിവസേന നിരവധി ടാങ്കർ ലോറികളിലാണ് മലിനജലം കുടിവെള്ളമായി കൊണ്ടുപോയിരുന്നത്. കുംഭപ്പിള്ളി തോട്ടിലെ കുളിക്കടവിൽനിന്നു വെള്ളം സമീപത്തെ കുഴിയിലേക്ക് കടത്തിവിട്ടശേഷം കുഴിയുടെ അടിയിൽ രഹസ്യമായി നിർമിച്ച ഹോസ് വഴി കിണറ്റിലേക്ക് കടത്തിവിടുകയായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.
നീരുറവയെന്നു തോന്നുംവിധത്തിൽ കിണറിന്റെ ഭിത്തികളിൽ കൃത്രിമമായി ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. യാതൊരുവിധ ശുദ്ധീകരണവും ഇല്ലാതെ നേരിട്ട് മോട്ടോർ ഉപയോഗിച്ച് ടാങ്കർ ലോറികളിൽ നിറച്ചാണ് വിതരണം ചെയ്യുന്നത്.
തോട്ടിൽനിന്നു കിണറ്റിലേക്ക് സ്ഥാപിച്ചിരുന്ന കുഴൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിച്ഛേദിച്ചു.
കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതുവരെ ഇവിടെനിന്നു വെള്ളം വിതരണം ചെയ്യരുതെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സജി, കെ.എൻ. വിനയകുമാർ, ടി.എസ്. അജനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.