കടുത്തുരുത്തി: കൊടിയ വേനലിൽ നട്ടം തിരിയുന്ന യാത്രക്കാർക്ക് ദാഹജലം വിതരണം ചെയ്തു യുവാവും ഓട്ടോറിക്ഷാ തൊഴിലാളികളും. കാരിക്കോട് കയ്യൂരിക്കൽ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് മണ്കലത്തിൽ കുടിവെള്ളം വച്ചിരിക്കുന്നത്.
കാരിക്കോട് ചെന്പിലാക്കിൽ ഷെറിൻ തോമസാണ് കൂട്ടുകാർക്കൊപ്പം ഇവിടെ കുടിവെള്ളം ലഭ്യമാക്കിയത്. ഉത്തർപ്രദേശിൽ താമസിക്കുന്നതിനിടെ ഒന്നര വർഷം മുന്പ് ഉണ്ടായ അപകടത്തിൽ വലതുകാലിന് ഗുരുതരമായ പരിക്കുപറ്റിയ ഷെറിൻ ഇപ്പോഴും ചികിത്സയിലാണ്.
കൈയ്യൂരിക്കൽപ്പടി ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികളും യുവാവിനൊപ്പം വെള്ളം വിതരണത്തിൽ പങ്കാളികളായി. പാത്രത്തിലെ വെള്ളം തീർന്നാലുടൻ തൊഴിലാളികൾ കലത്തിൽ വെള്ളം നിറയ്ക്കും. ദിവസം മുഴുവൻ കൈയ്യൂരിക്കൽപടി ജംഗ്ഷനിൽ നല്ല തണുത്ത കുടിവെള്ളം കിട്ടും.