വൈപ്പിൻ: വൈപ്പിൻകരയിലെ തെക്കൻ പഞ്ചായത്തുകളായ എളങ്കുന്നപ്പുഴ, ഞാറക്കൽ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ശാശ്വത നടപടികൾ സ്വീകരിക്കാനായി എറണാകുളത്ത് വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിൽ ഇന്ന് യോഗം ചേരും.
ഹഡ്കോ പദ്ധതിയുമായി ബന്ധപ്പെട്ട വൈപ്പിനിലെ കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള എല്ലാ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കണമെന്ന് ചീഫ് എൻജിനീയർ നിർദേശം നൽകിയിട്ടുണ്ട്. വടുതലയിൽനിന്നും പുതുവൈപ്പിലേക്ക് പന്പ് ചെയ്യുന്ന വെള്ളത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും പാതിവഴിയിൽ വൈപ്പിനിലേക്കുള്ള വെള്ളം ഊറ്റുന്നുണ്ടെന്നും ഇന്നലെ എളങ്കുന്നപ്പുഴ പഞ്ചായത്തംഗങ്ങൾ സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചപ്പോൾ ആരോപണമുന്നയിച്ചിരുന്നു.
ഇത് പരിഹരിക്കാനായി വൈപ്പിൻ ഹഡ്കോ ഫീഡറിൽ നിന്നും കുടിവെള്ളം ചോർത്തൽ പരിശോധിക്കാൻ ആന്റി തെഫ്റ്റ് സ്ക്വാഡിനെ പരിശോധനയ്ക്കിറക്കാമെന്നും ചീഫ് എൻജിനീയർ ഉറപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് റസിയാ ജമാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.സി. റോസിലിൻ, കെ.എസ്. രാധാകൃഷ്ണൻ, മാത്യു ലിഞ്ചൻ റോയി, മെന്പർമാരായ സി.ജി. ബിജു, പി.എസ്. ഷാജി, എ.എസ്. ബെന്നി എന്നിവരാണ് ചീഫ് എൻജിനീയറുമായി ചർച്ച നടത്തിയത്.