കറുകച്ചാൽ: തെരഞ്ഞെടുപ്പ് പ്രചരണത്തിനു ജനപ്രതിനിധികൾ എത്തുന്പോഴെങ്കിലും തങ്ങളുടെ പ്രശ്നത്തിനു പരിഹാരം കാണണമെന്ന അപേക്ഷയുമായി ഒരുകൂട്ടം പ്രദേശവാസികൾ. കറുകച്ചാൽ ബംഗ്ലാംകുന്നിലെ സാധാരണക്കാരായ ജനങ്ങളാണ് ഓരോ തെരഞ്ഞെടുപ്പിലും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത്.
കൂലിപ്പണിക്കാരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമാണ് ബംഗ്ലാംകുന്ന് ഭാഗത്ത് ഏറെയും.എല്ലാ വർഷവും നാല്, അഞ്ച് മാസത്തോളം കുടിവെള്ളം വില കൊടുത്ത് വാങ്ങുകയാണ് ഇവിടെയുള്ളവർ. 1000 ലിറ്റർ വെള്ളത്തിന് 750 രൂപ കൊടുക്കണം. ആഴ്ചതോറും മൂന്നും നാലും ലോഡ് വെള്ളം വാങ്ങിയാണ് പലരും ഉപയോഗിക്കുന്നത്.
മറ്റുള്ളവർ കന്നാസുകളിലും മറ്റും വെള്ളം നിറച്ച് ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമെത്തിച്ചാണ് ഉപയോഗിക്കുന്നത്. ഏതാനും വർഷം മുന്പ് പഞ്ചായത്ത് ഒരു കുഴൽകിണർ നിർമിച്ചെങ്കിലും ഇതിൽ വെള്ളമില്ല. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
മുപ്പതോളം കുടുംബങ്ങൾ ഒരു വീട്ടിലെ കിണറ്റിൽ നിന്നാണ് വെള്ളം എടുക്കുന്നത്. 30 വർഷം മുൻപ് കോളനി കേന്ദ്രീകരിച്ച് ഒരു കുടിവെള്ള പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിലും 20 വർഷത്തോളമായി ഇതിന്റെ പ്രവർത്തനം നിലച്ചിട്ട്.
ചന്പക്കരയിലെ കുളത്തിൽ നിന്നും പന്പുചെയ്യുന്ന വെള്ളം ഇവിടുത്തെ ടാങ്കിലെത്തിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ഇത് ആളുകൾക്ക് ഏറെ ഫലപ്രദമായിരുന്നു. എന്നാൽ മുടങ്ങിപ്പോയ പദ്ധതി പുനർനിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പഞ്ചായത്ത് നടപടി സ്വീകരിക്കാഞ്ഞതാണ് പ്രശ്നത്തിന് കാരണം.
സമീപ പഞ്ചായത്തുകളിലെല്ലാം ജലനിധിയടക്കമുള്ള പദ്ധതികൾ പ്രവർത്തിക്കുന്പോഴും കറുകച്ചാൽ കേന്ദ്രീകരിച്ച് കുടിവെള്ള വിതരണ സംവിധാനമില്ലാത്തത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.