എടത്വ: കുടിവെള്ള പൈപ്പുപൊട്ടി ശുദ്ധജലം നഷ്ടപ്പെടുന്നു. തലവടി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിക്കിടക്കുന്നത്. ജലവിതരണ കേന്ദ്രത്തിലേക്കു ഫോണ് വിളിച്ചാൽ എടുക്കാറില്ലെന്നും പരാതി ബുക്കിൽ എഴുതിയിട്ടാൽ ആ പ്രദേശത്തേക്കുള്ള ജലവിതരണം നിർത്തുകയും ചെയ്യുമെന്ന് ഉപഭോക്താക്കൾ.
തലവടി വെള്ളക്കിണറിനു സമീപവും, തലവടി ഗ്രാമപഞ്ചായത്തിനു സമീപം വാര്യത്തുകലുങ്കിലും സ്ഥാപിച്ചിട്ടുള്ള വാൽവുതകർന്ന് ആയിരക്കണക്കിനു ലിറ്റർ കുടിവെള്ളമാണ് തോട്ടിലേക്കും, പാടശേഖരങ്ങളിലേക്കും ഒഴുകിപ്പോകുന്നത്. പരാതി പറഞ്ഞാൽ ഈ പ്രദേശത്തേക്കുള്ള കുടിവെള്ളം മൊത്തമായി വാട്ടർ അഥോറിറ്റി അധികൃതർ ഇല്ലാതാക്കുമെന്നും പ്രദേശവാസികൾ പരാതി പറയുന്നു.
പാടശേഖത്തിലെ കർഷകരും ഉപഭോക്താക്കളും നിരന്തരമായി പരാതിപ്പെട്ടതിനെ തുടർന്ന് വാൽവുകൾ നന്നാക്കാനെത്തിയില്ലെങ്കിലും ഈ പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം അധികൃതർ നിർത്തി വച്ചിരിക്കുകയാണ്.
വാൽവുകൾ തകർന്നതു കൂടാതെ ഇടവഴികളിൽ മിക്കയിടത്തും പൈപ്പുപൊട്ടി റോഡിലൂടെ ശുദ്ധജലം ഒഴുകി പോകുന്ന കാഴ്ചയും കാണാം. വെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നീരേറ്റുപുറം-കിടങ്ങറ റോഡിൽ പത്തിലേറെ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്. പലയിടത്തും വെള്ളം സമീപപുരയിടത്തിലേക്കോ, ഓടകളിലേക്കോ ദിശതിരിച്ചു വിടുകയാണ് അധികൃതർ ചെയ്യുന്നതെന്നും നാട്ടുകാർ പറയുന്നു.
നീരേറ്റുപുറം ജലശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന തലവടിയിൽ 60 ശതമാനം ഉപഭോക്താക്കൾക്കും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. തലവടി പഞ്ചായത്തിൽ നിന്നും പൈപ്പ് അറ്റകുറ്റപ്പണികൾക്കായി ലക്ഷക്കണക്കിനു രൂപയാണ് ഓരോ വർഷവും നൽകുന്നത്.
ലക്ഷക്കണക്കിനു രൂപ വെള്ളക്കരമായി ഉപഭോക്താക്കളിൽ നിന്നും, പൊതുടാപ്പുകളുടെ എണ്ണത്തിനനുസരിച്ച് പഞ്ചായത്തിൽ നിന്നും തുക ഈടാക്കുന്നുണ്ടെങ്കിലും വെള്ളം വിതരണം ചെയ്യുന്നതിൽ തികഞ്ഞ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.