പറവൂർ: വിഷു ദിവസം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം തടസപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. ചൊവ്വര ജല ശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണി മൂലം തിങ്കളാഴ്ച കുടിവെള്ള വിതരണം തടസപ്പെടുമെന്ന് ജല അഥോറിറ്റി അറിയിച്ചിരുന്നു.
എന്നാൽ വിഷു തലേന്നും പറവൂർ പമ്പ് ഹൗസിലെ ചില തകരാറുകൾ മൂലം വെള്ളം പമ്പ് ചെയ്യാനായില്ല. ഓവർ ഹെഡ് ടാങ്കിൽ നിന്നു വെള്ളം ഇറങ്ങിവരുന്ന പൈപ്പിൽ ചോർച്ച ഉണ്ടാകുകയും ഇത് പരിഹരിക്കാൻ താമസം നേരിടുകയമാണ് ഉണ്ടായത്.
ഇതോടെ താലൂക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കിട്ടാതെ ജനം വലഞ്ഞു. ആവശ്യത്തിന് ശുദ്ധജലം ശേഖരിക്കാൻ സാധിക്കാത്തതിനാൽ നഗരത്തിലെ പല ഹോട്ടലുകളും പ്രവർത്തിച്ചില്ല.പ്രശ്ന പരിഹാരമുണ്ടാക്കി വൈകിട്ട് പമ്പിംഗ് പുനരാരംഭിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് നഗര പ്രദേശങ്ങളിലെങ്കിലും കുടിവെള്ളം ലഭിച്ചത്.
എന്നാൽ ഗ്രാമപ്രദേശങ്ങളിൽ പാചക ആവശ്യങ്ങൾക്ക് പോലും ശുദ്ധജലം കിട്ടാതായത് വ്യാപക പ്രതിഷേധത്തിനിടയാക്കി.വീട്ടമ്മമാർ കാലിക്കുടങ്ങളുമായി പൊതുടാപ്പുകളിലും മറ്റും ഒരു കുടം വെള്ളത്തിനായി രാത്രി വൈകിയും കാവലിരിക്കുകയായിരുന്നു. ഒട്ടുമിക്ക പ്രദേശങ്ങളിലും പഴയ പൈപ്പ് വില്ലനായി മാറിയിരിക്കുകയാണ്.
തുടർച്ചയായി പൊട്ടുന്ന 40ഓളം വർഷത്തിലേറെ പഴക്കമുള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുക എന്നതാണ് പ്രശ്ന പരിഹാരത്തിന് ഒരു മാർഗം. ജലനിധി പദ്ധതിയിലൂടെ എല്ലാ വീടുകളിലും സൗജന്യ പൈപ്പ് കണക്ഷഷൻ നൽകിയതും
ബിപിഎൽ കുടുംബങ്ങൾക്ക് 15,000 ലിറ്റർ വെള്ളം വരെ സൗജന്യമാക്കിയതുമെല്ലാം ശുദ്ധജല ഉപയോഗത്തിന്റെ തോത് ക്രമാതീതമായി വർധിപ്പിക്കാൻ കാരണമാക്കിയിട്ടുണ്ട്. എന്നാൽ ഇതനുസരിച്ച് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികളോ പുതിയ പദ്ധതികളോ അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകാത്തതിൽ പ്രതിഷേധം വ്യാപകമാണ്.
എടവനക്കാടും ഞാറക്കലും കുടിവെള്ളക്ഷാമം രൂക്ഷം
വൈപ്പിൻ: എടവനക്കാടും ഞാറക്കലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നെന്ന് പരാതി. എടവനക്കാട് പതിവു പോലെ പതിമൂന്നാം വാർഡ് ഉൾപ്പെടെയുള്ള വാർഡുകളിലെ ഉൾപ്രദേശങ്ങളിലാണ് കുടിവെള്ളമെത്താത്തത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ വെള്ളിയാഴ്ച തന്നെ അറിയിപ്പ് നൽകിയിരുന്നു.
ഇതിനുശേഷം പ്രധാന റോഡിന്റെ വശങ്ങളിലുള്ളവർക്ക് കുടിനീരെത്തുന്നുണ്ടെങ്കിലും പോക്കറ്റ് റോഡുകളിലും ഉൾപ്രദേശങ്ങളിലുമുള്ളവർക്ക് ഇതുവരെ കുടിനീരെത്തിയിട്ടില്ല. രണ്ടാഴ്ച മുന്പ് അറ്റകുറ്റപ്പണിയുടെ പേരിൽ എടവനക്കാട് 10 ദിവസം കുടിനീർ കിട്ടാതെ വലഞ്ഞ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഴങ്ങാട് ഭാഗത്ത് സംസ്ഥാനപാത ഉപരോധിച്ചതാണ്. ഇതിനുശേഷം രണ്ടാഴ്ചയോളം കൃത്യമായി വെള്ളം എത്തി.
ഇപ്പോൾ വീണ്ടും അറ്റകുറ്റപ്പണികളുടെ പേരിൽ നാലു ദിവസമായി എടവനക്കാട് മേഖലയിൽ പൂർണമായും വെള്ളമെത്തുന്നില്ല.ഞാറക്കലിൽ കിഴക്ക് പടിഞ്ഞാറ് മേഖലകളിൽ ക്ഷാമം നിലനിന്നിരുന്നതാണ്. ഇതിനിടിയിൽ രണ്ട് മൂന്ന് ദിവസങ്ങളിൽ വെള്ളമെത്തിയെങ്കിലും വിഷുവിന്റെ തലേനാൾ വീണ്ടും വെള്ളമെത്തിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടയിൽ പെയ്യുന്ന വേനൽ മഴയാണ് ജനത്തിനു അൽപ്പമെങ്കിലും ആശ്വാസമാകുന്നത്.