ആലപ്പുഴ: ആലപ്പുഴയിൽ ദീർഘകാലമായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്നം ഗൗരവമായി കണ്ടു പരിഹരിക്കുവാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. എംഎൽഎ പി.പി. ചിത്തരഞ്ജൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ജലജീവൻ പദ്ധതി പ്രകാരം കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ മുഴുവൻ നടപടികളും അടിയന്തരമായി സ്വീകരിക്കും.
ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്ന പദ്ധതി പൂർത്തീകരിച്ചെങ്കിലും നിരന്തരം പൈപ്പുകൾ പൊട്ടുകയും ജലവിതരണം മുടങ്ങുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.ഇതിന് ശാശ്വത പരിഹാരം കാണുവാനുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരപ്രദേശങ്ങളിലും തീരദേശത്തും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളും ഉടൻ സ്വീകരിക്കുമെന്നും വിഷയം ഏറെ ഗൗരവമായി കാണുന്നു എന്നും മന്ത്രി റോഷി അഗസ്റ്റിൻ പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി സഭയെ അറിയിച്ചു.