പാറശാല: പാറശാലയിൽ കഴിഞ്ഞ നാലു ദിവസമായി കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കുടവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. പരശുവയ്ക്കലിൽ പൈപ്പ് ലൈൻ പൊട്ടിയതു കാരണം പ്രദേശത്ത് ശുദ്ധജല വിതരണം മുടങ്ങിയിരുന്നു.
അധികൃതർ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പാറശാല ആശുപത്രി ജംഗ്ഷനിലെ റോഡ് ഉപരോധിച്ചത്.പാറശാല പഞ്ചായത്തിൽ പൂർണമായും കാരോട്, കൊല്ലയിൽ, പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ള വിതരണം നടത്തുന്നത് പരശുവയ്ക്കലിന് സമീപം പെരുവിളയിലെ വണ്ടിച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നാണ്.
അടുത്ത കാലത്ത് ലക്ഷങ്ങൾ മുടക്കി നവീകരിച്ചെങ്കിലും പൈപ്പ് പൊട്ടൽ സ്ഥിരമായതിനാൽ കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു.ഉയർന്ന പ്രദേശങ്ങളായ കൊറ്റാമം ചെറുവട്ടൂർ പൊറ്റ, കർക്കാല തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ലയെന്ന് വ്യാപക പരാതിയുണ്ട്.
പൊതുമരാമത്തു വകുപ്പിനു കീഴിലെ റോഡ് വക്കിലെ ടൈൽ പാകലും , പൈപ്പ് പൊട്ടിയതുമാണ് കുടിവെള്ളം മുടങ്ങിയതെന്ന് അധികൃതർ പറയുന്നത് .വൈകുന്നേരം ഏഴോടെ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും പാറശാല സിഐ ശാന്തകുമാറും സമരക്കാരുമായി ചർച്ച നടത്തി രാത്രിയോടെ ജല വിതരണം പുനസ്ഥാപിക്കാമെന്ന ഉപ്പിൻമേൽ സമരക്കാർ പിരിഞ്ഞ് പോയി.