ചിറ്റൂർ: കൊഴിഞ്ഞാന്പാറ പഞ്ചായത്ത് പതിനൊന്നാം വാർഡ് കരടിപ്പാറയിൽ നാല്പത് ആദിവാസി കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ദുരിതത്തിലാണ്. ആദിവാസി കുടുംബങ്ങൾക്കു കുടിവെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസനസമിതി ചെയർമാനു പഞ്ചായത്തംഗം കാളീശ്വരി നിവേദനം നല്കിയിരുന്നു.
ഓലപ്പുര നിർമിച്ചു കരടിപ്പാറയിൽ താമസിക്കുന്ന നാല്പതു കുടുംബങ്ങൾക്കായി സ്ഥലത്തോ പരിസരത്തോ കുടിവെള്ളപദ്ധതികളൊന്നുമില്ല. സ്വകാര്യ സേവനസംഘടന നാലു കിയോസ്കുകൾ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ ലോറിവെള്ളം എത്തിക്കുമെന്ന പ്രതീക്ഷയിലാണ് നല്ലവിലകൊടുത്ത് സംഘടന കിയോസ്്കുകൾ എത്തിച്ചത്.നിലവിൽ പഞ്ചായത്തംഗം കാളിശ്വരി പണം നല്കിയാണ് കരടിപ്പാറയിൽ കുടിവെള്ളം എത്തിക്കുന്നത്.
മില്ല;
എന്നാൽ ഇതു തീർത്തും അപര്യാപ്തമാണ്. ട്രൈബൽ എക്സ്റ്റൻഷൻ അധികൃതരുടെ സഹകരണത്തോടെയാണ് ഇവിടത്തെ കുട്ടികളെ വാഹനത്തിൽ രണ്ടുകിലോമീറ്റർ അകലെയുള്ള ആംഗൻവാടിയിൽ എത്തിക്കുന്നത്. കുട്ടികളെ കുളിപ്പിക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും വിലയ്ക്കാണ് വെള്ളം വാങ്ങിക്കുന്നത്. ലോക പരിസ്ഥിതിദിനത്തിൽ പരിസ്ഥിതി പ്രവർത്തകർ ചെടിനട്ടും മറ്റു വിധത്തിലും ഭൂമിയെ സംരക്ഷിക്കുന്നുണ്ടെങ്കിലും നൂറോളം ആദിവാസികൾ കുടിവെള്ളമില്ലാതെ ദുരിതക്കയത്തിലാണ്. അധികൃതർ എത്രയുംവേഗം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.