അഗളി: പാക്കുളത്ത് ജലനിധി പദ്ധതിയിലൂടെയുള്ള ജലവിതരണം ഉപഭോക്താക്കളെ ദുരിതത്തിലാക്കി. ബാത്ത് റൂമിലേക്കുപോലും ഉപയോഗിക്കാനാകാത്ത വിധമുള്ള അഴുക്കുവെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്. ഭവാനിപ്പുഴയോരത്ത് കിണർ കുഴിച്ച് ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലേക്ക് വെള്ളം പന്പുചെയ്താണ് ഇവിടെ കുടിവെള്ളവിതരണം നടത്തുന്നത്. രണ്ടു പതിറ്റാണ്ടിനുമുന്പ് ആസോ നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്.
പിന്നീട് ജലനിധി പദ്ധതിയിലൂടെ ഗുണഭോക്താക്കൾ തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് കുടിവെള്ളവിതരണം. മുൻവർഷത്തെ കാലവർഷക്കെടുതിയിൽ ഭവാനിപുഴ കവിഞ്ഞൊഴുകി കുടിവെള്ള കിണർ വെള്ളത്തിലായി. മലിനവസ്തുക്കൾ വന്ന് കിണറിൽ നിറഞ്ഞതോടെ വെള്ളം ദുർഗന്ധപൂരിതമായി.
സംഭവം പഞ്ചായത്തിന്റെ ശ്രദ്ധതിയിൽപെടുത്തിയിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.കുടിവെള്ളവിതരണ കമ്മിറ്റിക്കാർ രണ്ടുതവണ കിണർ വൃത്തിയാക്കിയെങ്കിലും ഫലമുണ്ടായില്ല. പുതിയ കിണർ നിർമിക്കുകയാണ് ഇതിനു പരിഹാരമെന്നാണ് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയേറെയുള്ള അട്ടപ്പാടിയിൽ ശുദ്ധജലവിതരണത്തിനുവേണ്ട നടപടിയെടുക്കാൻ പഞ്ചായത്ത് ജാഗ്രത പുലർത്തണമെന്നാണ് ആവശ്യം.