ആലപ്പുഴ: ആർഒ പ്ലാന്റുകളിൽ പലതും തകരാറിലായതും ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ശുദ്ധജല വിതരണത്തിലുണ്ടായ തടസവും മൂലം നഗരത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലം കിട്ടാക്കനിയായി. കുടിവെള്ള ദൗർലഭ്യം ദിവസങ്ങളായി തുടർന്നതോടെ ശുദ്ധജലത്തിനായികിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
ആലപ്പുഴ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ തകഴിയിൽ തകരാറിലായതോടെയാണ് നഗരത്തിലെ കുടിവെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെട്ടുതുടങ്ങിയത്. പൈപ്പ് ലൈൻ തകരാർ പരിഹരിച്ചിട്ട് രണ്ടുദിവസമായെങ്കിലും നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള വിതരണം പൂർവസ്ഥിതിയിലാകാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്.
ജില്ലാ വികസന സമിതി യോഗത്തിലും താലൂക്ക് വികസന സമിതി യോഗത്തിലുമെല്ലാം നഗരസഭാ അധികാരികൾ നാളുകൾക്ക് മുന്‍പേ കുടിവെള്ള പ്രശ്നം അവതരിപ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നഗരസഭാംഗങ്ങൾക്ക് മുന്നിലാണ് പരാതികളുമായി ജനങ്ങളേറെയുമെത്തുന്നത്.
പലയിടങ്ങളിലും കുടിവെള്ളം കിട്ടാത്തതുമൂലമുള്ള ജനങ്ങളുടെ രോക്ഷത്തിനും കൗണ്‍സിലർമാർ ഇരയാകുന്നുണ്ട്. പൈപ്പ് ലൈനിലുണ്ടായ തകരാറും കുടിവെള്ള പദ്ധതിക്കായി വെള്ളം ശേഖരിക്കുന്ന ശുദ്ധജല സ്ത്രോതസിലെ ജലനിരപ്പിലുണ്ടായ വ്യതിയാനവുമാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്നാണ് ജലവകുപ്പ് അധികൃതർ പറയുന്നത്.
കുടിവെള്ള പദ്ധതിയിൽ തകരാറുകളുണ്ടാകുന്പോൾ നഗരത്തിൽ പ്രവർത്തനക്ഷമമായ പഴയ പന്പ് ഹൗസുകളും ആർ ഒ പ്ലാന്റുകളും പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.