തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പക്ഷികൾക്ക് കുടിവെള്ളം നൽകുന്നതിനുള്ള സൗകര്യങ്ങൾ വീട്ടുപരിസരങ്ങളിൽ ഒരുക്കണമെന്ന് വനംവകുപ്പ് അഭ്യർഥിച്ചു. കടുത്ത വേനൽ ചൂടിൽ പക്ഷികൾ ചത്തൊടുങ്ങുന്നതായി സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.
പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്പാത്രങ്ങളിൽ വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ, ടെറസുകളിലോ, സണ്ഷേഡുകളിലോ ബാൽക്കണികളിലോ പക്ഷികൾക്ക് സൗകര്യപ്രദമായി വന്ന് ഇരിക്കാൻ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം ഒരുക്കി നൽകാം. നിത്യേന പാത്രം കഴുകി പുതിയ വെള്ളം നിറച്ചു വയ്ക്കാൻ ശ്രദ്ധിക്കണം.
സോപ്പോ മറ്റ് ഡിറ്റർജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. കുടിവെള്ളത്തിന് മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ അകറ്റി രോഗവിമുക്തരാകുന്നതിനും പക്ഷികൾ ഈ സംവിധാനം ഉപയോഗപ്പെടുത്തും. പൊതു ജനങ്ങളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടൽ പോലും പക്ഷി സമൂഹത്തിന്റെ അതിജീവനത്തിന് ഏറെ സഹായകരമാകും. കുട്ടികളും യുവാക്കളും ഇക്കാര്യത്തിൽ മുന്നോട്ട് വന്ന് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കണമെന്ന് മുഖ്യ വനംമേധാവി പി.കെ. കേശവൻ അഭ്യർഥിച്ചു.