വടക്കഞ്ചേരി: പറവകൾക്ക് കുടിക്കാനും കുളിക്കാനും വെള്ളം ഒരുക്കി വെക്കുന്ന തിരക്കുകളിലാണ് കരിപ്പാലി വാണിയങ്കോട്ടെ ഈ കൊച്ചു കൂട്ടുകാർ.
ഇവരുടെ വീടിനടുത്തുള്ള കരിപ്പാലി പുഴയിൽ വെള്ളം വറ്റിയപ്പോൾ പ്രദേശത്തെ കിളികൾക്ക് കുടിവെള്ളം കിട്ടാൻ മറ്റുവഴികളില്ലാതായി. മയിലുകളാണ് ഇവിടെ നിറയെ. മറ്റു ചെറുപക്ഷികളും കുറവല്ല.എന്നാൽ മയിലുകൾ ആവാസവ്യവസ്ഥ വിട്ട് ദൂരെ പോകാത്ത പക്ഷിയായതിനാൽ ഇവയുടെ ജലക്ഷാമം ആതിരയും അശ്വതിയും ലിമയുമെല്ലാം തിരിച്ചറിഞ്ഞു.
വീടുകളുടെ അടുക്കള ഭാഗത്ത് വെള്ളം തപ്പി പക്ഷികൾ ചുറ്റികറങ്ങുന്നത് വീട്ടുക്കാരും ശ്രദ്ധിച്ചിരുന്നു.അങ്ങനെയാണ് വീട്ടുക്കാരുടെ കൂടി പിന്തുണയോടെ പറന്പിൽ വലിയ പാത്രങ്ങളിൽ വെള്ളം നിറച്ച് വെക്കൽ പതിവാക്കിയത്.ഉ
ച്ചക്ക് ശേഷമാണ് മയിലുകൾ വെള്ളം കുടിക്കാൻ കൂട്ടമായി എത്തുന്നതെന്ന് ഇവർ പറയുന്നു. ചെറിയ പക്ഷികൾ വെള്ളം കുടിച്ച് പിന്നീട് നല്ലൊരു കുളി കൂടി നടത്തിയാണ് പറന്ന് പോവുക. അയൽ വീടുകളിലെ കളി കൂട്ടുക്കാരാണ് ഇവരെല്ലാം .
അഖിലും പവൻ കുമാറും നിർമ്മൽകുമാറും അനശ്വരയുമുണ്ട് സഹജീവികൾക്ക് ഈ പുണ്യപ്രവൃത്തി ചെയ്യാൻ. ദിവസവും രാവിലേയും വൈകീട്ടും പാത്രങ്ങൾ പരിശോധിച്ച് വെള്ളം ഉണ്ടെന്ന് ഇവർ ഉറപ്പ് വരുത്തും.
ആദ്യ ദിവസങ്ങളിലെല്ലാം തങ്ങളെ കാണുന്പോൾ പേടിച്ച് മാറി പോയിരുന്ന പക്ഷികൾ ഇപ്പോൾ തങ്ങളുടെ കൂട്ടുക്കാരെ പോലെ ഒപ്പമുണ്ടെന്ന് ആതിരയും അശ്വതിയും പറയുന്നു. വൈകീട്ട് കളിക്കാൻ ഇറങ്ങിയാൽ പക്ഷികളും ചെറിയ മര കൊന്പുകളിലിരുന്ന് ശബ്ദമുണ്ടാക്കും.
കിളികളെ അടുത്തറിയാനുള്ള ശ്രമങ്ങളും ഇവർ നടത്തുന്നുണ്ട്. കോവിഡ് ഭീതിയിൽ വീട്ടുതടങ്കലിൽ വേനലവധി കഴിക്കേണ്ടി വരുന്നതിന്റെ ബോറടി ഇല്ലാതാക്കാൻ ഇത്തരം കുഞ്ഞു കാര്യങ്ങൾ നല്ലതാണെന്നാണ് ഇവർ പറയുന്നത്.