ചെങ്ങന്നൂർ: കുടിവെള്ളത്തിനായി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ കാത്തിരിപ്പിനു വിരാമമാകുന്നു. ചെങ്ങന്നൂർ നഗരസഭയ്ക്കും, ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെണ്മണി, ചെറിയനാട് എന്നീ പഞ്ചായത്തുകൾക്കും വേണ്ടിയുളള 200 കോടി ചെലവു വരുന്ന സമഗ്രകുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്.
കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കി പദ്ധതി നടപ്പാക്കാൻ വാട്ടർ അഥോറിറ്റിക്ക് അംഗീകാരം നൽകി. 200 കോടി രൂപയാണ് പദ്ധതി ചെലവ്. ജലവിഭവമന്ത്രി കെ. കൃഷ്ണൻ കുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് പദ്ധതിക്ക് ഡിപിആർ തയാറാക്കാൻ തീരുമാനമായത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ ഇതിന് 200 കോടി രൂപയാണ് വകയിരുത്തിയത്. പന്പാനദിയിൽ അങ്ങാടിക്കൽ കോലാമുക്കത്തു നിലവിലുള്ള കിണറിൽ നിന്നാണ് പദ്ധതിയ്ക്കാവശ്യമായ ജലം ശേഖരിക്കുന്നത്. അങ്ങാടിക്കൽ മലയിലെ 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ എത്തിക്കും.
തുടർന്ന് മുളക്കുഴ നികരും പുറത്ത് പ്രതിദിനം 35 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്മെൻറ് പ്ലാൻറും 14 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും സ്ഥാപിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു