ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം ഏറെ രുക്ഷമായ മാരംകുളം, ചുങ്കപ്പാറ, പുളിക്കന്മാറ, തോട്ടത്തുംങ്കുഴി, കിടി കെട്ടിപ്പാറ, നിർമലപുരം, നാഗപ്പാറ പ്രദേശങ്ങളിൽ നൂറുകണക്കിനാളുകൾക്ക് കുടിവെള്ളം ലഭ്യമായിരുന്ന മലമ്പാറ മേജർ കുടിവെള്ള പദ്ധതിയുടെ മെയിൻ വിതരണ കുഴൽ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി.
ആസ്ബറ്റോസ് പൈപ്പ് കാലപ്പഴക്കവും റോഡ് നവീകരണവും മൂലം നശിച്ച നിലയിലാണ്. ജനപ്രതിനിധികളടക്കം നിരവധി തവണ ജല അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിമാർക്കും ഗ്രാമസഭാ തീരുമാനം അടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മലയോര മേഖലകളിൽ ഇപ്പോഴും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.തദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ള പൈപ്പ് ലൈൻ നീട്ടുന്നതിന് പദ്ധതി വിഹിതം അനുവദിച്ചതു പോലും ലൈൻ തകരാറു പരിഹരിക്കാതെ ചെയ്യാൻ പറ്റില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.
കുന്നനോലി സംഭരണിയിൽ നിന്നും മാരംകുളം നിർമലപുരം ഭാഗത്തേയ്ക്ക് പുതിയതായി പൈപ്പ് ലൈൻ വേണമെന്ന ആവശ്യത്തിലും നടപടി ഉടൻ ഉണ്ടാകണമെന്നും കുടിവെള്ള പൈപ്പ് ലൈൻ അടിയന്തരമായി കേടുപാടുകൾ പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കി ഇല്ലെങ്കിൽ ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിൽ ധർണ അടക്കമുള്ള സമര പരിപാടികൾ നടത്തുന്നതിന് ഒരുങ്ങുമെന്നും നാട്ടുകാർ അറിയിച്ചു.