തൃശൂർ: ഏകീകരണത്തിന്റെ പേരിൽ നടപ്പാക്കിയ വെള്ളത്തിന്റെ നിരക്കുവർധന പിൻവലിച്ച് കോർപറേഷൻ ഭരണനേതൃത്വം. നഗരസഭാ മേഖലയിലെയും കൂട്ടിച്ചേർത്ത പഞ്ചായത്തുകളിലെയും നിരക്ക് ഏകീകരിച്ച നടപടിയാണു കോർപറേഷൻ പിൻവലിച്ചത്. പഴയ നഗരസഭാപ്രദേശത്തു കുറഞ്ഞ നിരക്കും പഞ്ചായത്ത് പ്രദേശങ്ങളിൽ കൂടിയ നിരക്കുമാണ് ഉണ്ടായിരുന്നത്. ഏകീകരിച്ചതോടെ ഫലത്തിൽ നഗരസഭാ പ്രദേശത്തു നിരക്കു കൂടി.
വർധനവിൽ പത്തു ശതമാനം കുറച്ചാണ് ഭരണപക്ഷം ഇന്നലെ കൗണ്‍സിലിൽ നിലപാടെടുത്തത്. ഒരുമാസം 10,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 13 രൂപയും 12,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 15 രൂപയും 18,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 23 രൂപയും ആക്കി നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചതായി മേയർ അറിയിച്ചു.
സർക്കാർ തീരുമാനത്തിന് വിധേയമായി കുടിവെള്ള നിരക്കു 10 ശതമാനം കുറയ്ക്കാനാണു തീരുമാനമെന്നും മേയർ വിശദീകരിച്ചു.
നിരക്കുകൂട്ടാൻ തീരുമാനിച്ചതു ഗാർഹികേതര കണക്ഷനുകൾക്കാണെന്നു പ്രതിപക്ഷം വിമർശിച്ചിരുന്നു. നിരക്കു ഏകീകരണം വന്നതോടെ മുൻ കൗണ്‍സിൽ യോഗതീരുമാനത്തിൽ വിയോജിപ്പു രേഖപ്പെടുത്തി പ്രത്യേക കൗണ്‍സിൽ വിളിക്കാൻ പ്രതിപക്ഷം കത്തുനൽകി. തുടർന്നാണ് ഇന്നലെ സ്പെഷൽ കൗണ്‍സിൽ ചേർന്നത്. ഇതിൽ ഭരണപക്ഷം നിലപാടു മാറ്റി.
പഴയ മുൻസിപ്പൽ പ്രദേശത്തെ ഇരുപതിനായിരത്തോളം വരുന്ന ഗാർഹിക വാട്ടർ കണക്ഷൻ ഉള്ളവരുടെ വെള്ളക്കരം വർധന പിൻവലിക്കണമെന്ന് മുൻ മേയർ രാജൻ പല്ലൻ ആവശ്യപ്പെട്ടു. തൃശൂർ വൈദ്യുതി വിഭാഗത്തിൽ ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾക്ക് കെഎസ്ഇബിയേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്നതായും പല്ലൻ പറഞ്ഞു.
കൗണ്‍സിൽ അറിയാതെ നിരക്കുകൾ വർധിപ്പിച്ച് ഇടതുഭരണ സമിതി നഗരവാസികളെ കൊള്ളയടിക്കുകയാണന്നു കൗണ്‍സിലർ എ. പ്രസാദ് ആരോപിച്ചു.