പത്തനംതിട്ട: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ആവശ്യത്തിന് അനുസൃതമായി കുടിവെള്ള വിതരണം നടത്തുന്നതിനായി തനത് പ്ലാൻഫണ്ടിൽ നിന്നു തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവായി.
മാർച്ച് 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് 5.50 ലക്ഷം രൂപയും നഗരസഭകൾക്ക് 11 ലക്ഷം രൂപയും കോർപറേഷന് 16.50 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി ചെലവഴിക്കാം. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് 11 ലക്ഷം രൂപയും നഗരസഭകൾക്ക് 16.50 ലക്ഷം രൂപയും കോർപറേഷന് 22 ലക്ഷം രൂപയും ചെലവഴിക്കാം.
നിശ്ചയിച്ചിട്ടുള്ള പരമാവധി തുക അധികരിക്കുന്ന രീതിയിലുള്ള കുടിവെള്ള വിതരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളിൽ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയം ആവശ്യത്തിന് അനുസൃതമായി കുടിവെള്ള വിതരണം നടത്തണം.
ചെലവഴിക്കുന്ന തുകയുടെ പൂർണമൂല്യം ഉറപ്പു വരുത്തണം. നിലവിൽ ദുരന്തനിവാരണ വകുപ്പ് മുഖേന സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്കുകൾ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിച്ച് ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്താം.
ജില്ലാതല റവന്യു അധികാരികൾക്ക് കുടിവെള്ള വിതരണം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ജിപിഎസ് ട്രാക്കിംഗിനുള്ള സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവികൾ ഏർപ്പെടുത്തണം. ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പു വരുത്തിയ ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിമാർ ചെലവ് തുക വിനിയോഗിക്കണം.
സുതാര്യവും കാര്യക്ഷമവുമായി പരാതികൾക്കിടയില്ലാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് തദ്ദേശ വകുപ്പിന്റെ ജില്ലാതല മേധാവി ഉറപ്പുവരുത്തി ഓരോ രണ്ടാഴ്ചയിലും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം. കുടിവെള്ള വിതരണം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പിന്റെ നിബന്ധനകൾ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.